'ഭൂമിയും പ്രകൃതിയുമില്ലാതെ മനുഷ്യരില്ല'; വലിയ സന്ദേശം കുഞ്ഞുമനസുകളിലെത്തിച്ച് പാലോട് പേരക്കുഴി ഗവണ്മെന്റ് എൽ‌പി സ്‌കൂൾ

Wednesday 04 August 2021 7:30 PM IST

തിരുവനന്തപുരം: ജൈവ വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിൽ തൊട്ട് കിടക്കുന്നഒരു വിദ്യാലയമാണ് തിരുവനന്തപുരം ജില്ലയിലെ പാലോട് പേരക്കുഴിയിലുള‌ള ഗവണ്മെന്റ് എൽ‌പി സ്‌കൂൾ.

പ്രത്യേകതകൾ ഏറെയുണ്ട് ഈ കുഞ്ഞ് സ്‌കൂളിന്. സാധാരണ പഠനത്തിന് പുറമേ പഠന പ്രവർത്തനങ്ങളുടെ നൂറിലേറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത 'പാലോട് കിഡ്സ്' എന്ന യൂട്യൂബ് ചാനൽ സ്വന്തമായുള്ള സ്‌കൂളാണിത്.

ചുറുചുറുക്കുള്ള കുട്ടി റേഡിയോ ജോക്കികളുടെ മധുര ശബ്ദത്തിൽ പാട്ടിന്റെ ഈണത്തിനോടൊപ്പം കഥകളും പഠന വിഷയങ്ങളും നിറഞ്ഞൊഴുകുന്ന 'പാലോട് വാണി' എന്ന റേഡിയോ സ്റ്റേഷൻ സ്വന്തമായുള്ള സ്‌കൂൾ.

നമ്മുടെ പൂർവികർ കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെ പ്രാധാന്യം ഇന്നും നിലനിർത്തിപ്പോരുന്നതിന് അദ്ധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നു നിർമിച്ചെടുത്ത ജൈവവൈവിധ്യപാർക്കും സ്‌കൂളിലുണ്ട്.

പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് സ്‌കൂൾ തലത്തിൽ നിന്ന് തന്നെയാണ് എന്ന് മനസ്സിലാക്കിത്തരുന്ന ഒരുകൂട്ടം അദ്ധ്യാപകർ, അവർക്കെല്ലാം മാർഗദർശിയായി 2020 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ വിക്ടേഴ്സ് ചാനലിൽ അത്യാകർഷകമായി ക്ലാസ് എടുക്കുന്ന, കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ച ഈ സ്‌കൂളിലെ പ്രധമാദ്ധ്യാപകൻ ശ്രീ. സ്വാമിനാഥൻ സാർ. കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന മാതൃകാ അദ്ധ്യാപകനാണ് അദ്ദേഹം.

മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്‌കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്.

ഇവിടെയാണ് ഭൂമിയും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി. വിദ്യാലയം പ്രകൃതി സൗന്ദര്യത്തിന്റെ മാതൃകയാക്കി മാറ്റി വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിലൂടെ ആ വലിയ സന്ദേശം കൈമാറുകയാണ് സ്‌കൂളിലെ അദ്ധ്യാപകർ.