കെ സുധാകരൻ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട,​ ശിവൻകുട്ടിക്കെതിരായ പരാമർശം ആത്മപ്രശംസയെന്ന് ഡി വൈ എഫ്‌ ഐ

Wednesday 04 August 2021 7:48 PM IST

തിരുവനന്തപുരം .കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. മന്ത്രി വി.ശിവൻകുട്ടിയ്‌ക്കെതിരായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമർശം ആത്മപ്രശംസ മാത്രമാണെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണ്. സുധാകരനിൽ നിന്നും പ്രതീക്ഷിക്കാവുന്ന വാക്കുകൾ തന്നെയാണ് ഇതൊക്കെ.അത്രയും നിലവാരം കുറഞ്ഞ രാഷ്ട്രീയ നേതാവാണ് അദ്ദേഹം.അതിനാൽ മന്ത്രിക്കെതിരായ വാക്പ്രയോഗങ്ങളിൽ ആശ്ചര്യമില്ല.എന്നാൽ നാവിന് ലൈസൻസ് ഇല്ലെന്നു കരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാർഷ്ട്യം അംഗീകരിച്ചുനൽകാനാകില്ല. രാഷ്ട്രീയ വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കുമപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങൾ തള്ളിപ്പറയാൻ ഇനിയെങ്കിലും കോൺഗ്രസിന്റെ മറ്റ് നേതാക്കൾ തയ്യാറാകണം. കെ.സുധാകരന്റെ ഇത്തരം പ്രസ്താവനകളിൽ കോൺഗ്രസ് നേതൃത്വം ഇന്നലെകളിൽ പുലർത്തിയ മൗനമാണ് അദ്ദേഹത്തിന്റെ ഇത്തരം പ്രവണതകൾക്ക് ശക്തിപകരുന്നതെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു