മുഹമ്മദ് ചികിത്സാകമ്മറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടു: മറ്റ് എസ്.എം.എ രോഗികൾക്ക് സഹായം പരിഗണനയിൽ

Wednesday 04 August 2021 10:52 PM IST
മുഹമ്മദ് ചികിത്സാസഹായ കമ്മറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയപ്പോൾ

പഴയങ്ങാടി: സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ബാധിച്ച മാട്ടൂലിലെ റഫീഖിന്റെ മകനായ ഒന്നര വയസ്സുകാരൻ മുഹമ്മദിനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സമാഹരിക്കപ്പെട്ട 46.78 കോടി രൂപയിൽ നിന്ന് ചികിത്സ കഴിഞ്ഞുള്ള തുക സമാനമായ രോഗം ബാധിച്ച മറ്റ് രോഗികൾക്ക് നൽകുന്നത് സർക്കാരിന്റെ തീരുമാനമനുസരിച്ചാകും. ഇന്നലെ തിരുവനന്തപുരത്ത് ചികിത്സാകമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ നിയമപരമായി ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

മുഹമ്മദ് , സഹോദരി അഫ്റ എന്നിവരുടെ ചികിത്സക്കാവശ്യമായി വരുന്ന തുക കഴിച്ച് അധികമായി വരുന്ന തുക എസ്.എം.എ രോഗം ബാധിച്ച തളിപ്പറമ്പ് ചപ്പാരപ്പടവിലെ കാസിം, ലക്ഷദ്വീപിലെ ഇശൽ മറിയം എന്നിവർക്കും മറ്റ് സമാന രോഗം പിടിപെട്ട കുട്ടികളുടെ ചികിത്സയ്ക്കുമായി നൽകുന്നത് മുഹമ്മദ് ചികിത്സാസഹായകമ്മിറ്റിയും കുടുംബവും പരിഗണിച്ചിരുന്നു.ഇക്കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിരുന്നത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ,​

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉപനേതാവ് പി.കെ.കുഞ്ഞിലിക്കുട്ടി എന്നിവരെയും ചികിത്സാ കമ്മറ്റിഭാരവാഹികൾ സന്ദർശിച്ചു.കമ്മറ്റി രക്ഷാധികാരി എം.വിജിൻ. എം.എൽ.എ, ചെയർപേഴ്സൺ ഫാരിഷ , ജനറൽ കൺവീനർ ടി.പി.അബ്ബാസ് ഹാജി, വൈസ് ചെയർമാൻമാരായ നസീർ.ബി.മാട്ടൂൽ, പി.പി.ഗഫൂർ, കൺവീനർമാരായ അജിത് മാട്ടൂൽ,സി. പ്രകാശൻ, അബ്ദുൽ കലാം. എന്നിവരാണ് മുഖ്യമന്ത്രിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.

Advertisement
Advertisement