സമഗ്രശിക്ഷാ സ്കൂൾ വിദ്യാഭ്യാസ പദ്ധതി 2026വരെ നീട്ടി
ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് പ്രീപ്രൈമറി മുതൽ സീനിയർ സെക്കൻഡറി തലം വരെ നടപ്പാക്കിയ സമഗ്ര ശിക്ഷാ പദ്ധതി 2025-2026 അക്കാഡമിക് വർഷം വരെ നീട്ടാൻ സാമ്പത്തികകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. പദ്ധതിക്ക് 85,398.32 കോടി രൂപയുടെ കേന്ദ്ര വിഹിതം അടക്കം 2,94,283.04 കോടി രൂപയുടെ പരിഷ്‌കരിച്ച ബഡ്‌ജറ്റാണുള്ളത്.
11ലക്ഷം സ്‌കൂളുകളിലെ 15.6 കോടി വിദ്യാർത്ഥികളും 57 ലക്ഷം സർക്കാർ-എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരും പദ്ധതിക്ക് കീഴിൽ വരും.
സർവശിക്ഷാ അഭിയാൻ (എസ്.എസ്.എ), രാഷ്‌ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ), അദ്ധ്യാപക വിദ്യാഭ്യാസം (ടി.ഇ) തുടങ്ങിയ മുൻകാല കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ട് 2018ലാണ് സ്‌കൂൾ വിദ്യാഭ്യാസത്തിനായി സമഗ്ര ശിക്ഷാ പദ്ധതി ആരംഭിച്ചത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പദ്ധതി പരിഷ്‌കരിച്ചിരുന്നു.
സ്‌കൂൾ പ്രവേശനം സാർവത്രികമാക്കുകയാണ് പ്രധാന ലക്ഷ്യം.
ലക്ഷ്യങ്ങൾ:
സ്കൂളുകളിലെ പശ്ചാത്തല സൗകര്യ വികസനവും നിലനിറുത്തൽ
അടിസ്ഥാന സാക്ഷരത, സംഖ്യാശാസ്ത്ര അറിവ് തുടങ്ങിയവ വർദ്ധിപ്പിക്കുക
വിദ്യാഭ്യാസത്തിൽ ലിംഗ തുല്യത ഉറപ്പുവരുത്തുക
ഗുണനിലവാരവും നൂതനാശയവും കൊണ്ടുവരിക
അദ്ധ്യാപക ശമ്പളത്തിനുള്ള സാമ്പത്തിക സഹായം നൽകൽ
ഡിജിറ്റൽ സംരംഭങ്ങൾ നടപ്പാക്കൽ.
യൂണിഫോം, പാഠപുസ്തകങ്ങൾ മുതലായവ ഉൾപ്പെടെയുള്ള ആർ.ടി.ഇ അവകാശങ്ങൾ ഉറപ്പാക്കൽ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ
കായിക വിദ്യാഭ്യാസവും അദ്ധ്യാപക വിദ്യാഭ്യാസവും പരിശീലനവും ശക്തിപ്പെടുത്തൽ.