പാർട്ടി പത്രത്തിന് 10 കോടി: പാണക്കാട് തങ്ങളുടെ മൊഴിയെടുത്ത് ഇ.ഡി

Thursday 05 August 2021 12:49 AM IST

കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രം വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പത്രത്തിന്റെ ചെയർമാനെന്ന നിലയിലാണിത് നോട്ട് നിരോധനകാലത്താണ് പത്രത്തിന്റെ മാനേജരായിരുന്ന ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചത്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്നുൾപ്പെടെ ലഭിച്ച തുകയാണിതെന്നാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ പറയുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.

ജൂലായ് 24 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണൻ നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യകാരണങ്ങൾ വിവരിച്ച് ഹാജരാകാൻ കഴിയില്ലെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈദരലി തങ്ങൾ അറിയിച്ചിരുന്നു. തുടർന്നാണ്, കോഴിക്കോട്ടെത്തി ഇ.ഡി ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. 10 കോടി രൂപ പത്രത്തിന്റെ അക്കൗണ്ടിൽ വന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് ഇ.ഡി ചോദിച്ചു. പണം വന്നതിനെക്കുറിച്ചും ഉറവിടം സംബന്ധിച്ചും തനിക്ക് വ്യക്തമായ അറിവില്ലെന്ന മറുപടിയാണ് തങ്ങൾ നൽകിയത്. പണം വന്നതിൽ ഹൈദരലി തങ്ങൾക്ക് ബന്ധമുണ്ടോയെന്നല്ല, ചന്ദ്രികയുടെ സി.എം.ഡിയെന്ന നിലയിൽ അറിവുണ്ടായിരുന്നോയെന്നാണ് അന്വേഷിച്ചതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

Advertisement
Advertisement