വഴിതർക്കത്തിൽ ഇടപ്പെട്ട വനിതാ പഞ്ചായത്തംഗത്തിനും ഭർത്താവിനും മർദ്ദനമേറ്റു

Thursday 05 August 2021 1:59 AM IST

കഴക്കൂട്ടം: എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള ഇട റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ പഞ്ചായത്തംഗത്തിനെയും ഭർത്താവിനെയും മർദ്ദിച്ചതായി പരാതി. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വസ്തു ഉടമയുമായുള്ള തർക്കത്തിൽ ഇടപ്പെട്ട പഞ്ചായത്തംഗത്തിനെയും ഭർത്താവിനെയും സമീപവാസികളായ രണ്ടുപേർ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പാച്ചിറ വാർഡ് അംഗം ഹസീനയ്ക്കും ഭർത്താവ് അൻസറിനുമാണ് മർദ്ദനമേറ്റത്. ഇരുവരും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 9നാണ് സംഭവം.

പാച്ചിറയിൽ നിന്ന് പള്ളിപ്പുറം ഏലയുടെ വശത്ത് കൂടി തളിയിൽ കുളത്തലോട്ട് പോകുന്ന റോഡിന്റെ പണിക്കൾക്കിടയിലാണ് സംഘർഷം. റോഡ് തുടങ്ങുന്ന ഭാഗത്തെ വസ്തുടമ റോഡ് വികസനത്തിന് വേണ്ടി സ്ഥലം വിട്ടുകൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. തുടർന്ന് മംഗലപുരം പൊലീസെത്തി. വൈകിട്ട് പൊലീസുമായി ചർച്ച നടത്തിയ ശേഷം പണികൾ ആരംഭിച്ചാൽ മതിയെന്ന് പറഞ്ഞു. ഇതിനിടെ പ്രശ്നത്തിൽ ഇടപ്പെട്ട മുൻ പി.ഡി.പി നേതാവ് പാച്ചിറ സലാഹുദ്ദീനും പൊലീസുമായി വാക്കുതർക്കമുണ്ടായി. ഇയാളെ ഷർട്ടിൽ കടന്നു പിടിച്ചു ബലമായി പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയായി. തുടർന്ന് പൊലീസ് മടങ്ങിയുടനെ അവിടെ നിന്നിരുന്ന പഞ്ചായത്തംഗവും ഭർത്താവും സലാഹുദ്ദീനൊടൊപ്പമുള്ളവരുമായി വാക്കുതർക്കവും സംഘർഷവുമായി. ഇതേ തുടർന്നാണ് ഇരുവർക്കും മർദ്ദനമേറ്റതെന്ന് നാട്ടുകാർ പറഞ്ഞു. മർദ്ദിച്ചെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്തംഗം ചെകിടത്തടിച്ചത് കൊണ്ടാണ് പ്രതികരിച്ചതെന്ന് സലാഹുദ്ദീനും പറഞ്ഞു. സംഭവത്തിൽ പി.ഡി.പി നേതാക്കളായ നടയറ ജബ്ബാർ, ജില്ലാ വൈസ് പ്രസിഡന്റ് അണ്ടൂർക്കോണം സുൽഫി, മണ്ഡലം പ്രസിഡന്റ് ഔറംഗസീബ്, സെക്രട്ടറി ഹസൻ പാച്ചിറ, ട്രഷറർ നസീഫ് തുടങ്ങിയവർ പ്രതിഷേധിച്ചു.

Advertisement
Advertisement