വിഗ്രഹങ്ങൾ നശിപ്പിച്ച് ക്ഷേത്രം കവർച്ച ചെയ്ത പ്രതി പിടിയിൽ. പിടിയിലായത് കൊലപാതക കേസിലെ പ്രതി

Thursday 05 August 2021 2:01 AM IST
അറസ്റ്റിലായ പ്രതി സുധീരൻ

കല്ലമ്പലം: വിഗ്രഹങ്ങൾ നശിപ്പിച്ച് ക്ഷേത്രം കവർച്ച ചെയ്ത കൊലപാതകക്കേസിലെ പ്രതി അറസ്റ്റിൽ. കാനാറ കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ സുധീരനാണ് (40) അറസ്റ്റിലായത്. കഴിഞ്ഞ മാസം 30ന് വൈകിട്ട് കുടവൂർ കൈപ്പള്ളി നാഗരുകാവ് മാടൻ നട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ എറിഞ്ഞുടച്ചിരുന്നു. ഇതുസംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പള്ളിക്കൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടിയിലായത്.

പ്രതിയുടേത് എന്ന് സംശയിക്കുന്ന രണ്ട് ചെരിപ്പുകൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്യുന്ന പ്രതികൾക്കായുള്ള അന്വേഷണമാണ് സുധീരനെ തിരിച്ചറിയാൻ സഹായിച്ചത്.

കിളിമാനൂർ, ആറ്റിങ്ങൽ, കല്ലമ്പലം, പള്ളിക്കൽ സ്‌റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. 2007ലെ കിളിമാനൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതിയുമാണ് ഇയാൾ. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പള്ളിക്കൽ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ.എം, വിജയകുമാർ, സി.പി.ഒമാരായ രാജീവ്‌, ഷമീർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ്‌ ചെയ്തു.