പെൻസിൽ മുനയിൽ പിറക്കുന്നു, ലോക റെക്കാഡുകൾ

Friday 06 August 2021 12:00 AM IST

പാലാ: പെൻസിൽമുനയിൽ വിസ്മയം തീർത്ത് റ്റിബിൻ രാജ്യാന്തര ശ്രദ്ധ നേടുന്നു . ഏറ്റവും കൂടുതൽ കായികതാരങ്ങളുടെ പേരുകൾ പെൻസിൽ കാർവിങ്ങിലൂടെ ചെയ്ത് വിയറ്റ്‌നാം ബുക്ക് ഒഫ് റെക്കാഡ്‌സ്, നേപ്പാൾ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇന്തോനേഷ്യൻ പ്രൊഫഷണൽ സ്പീക്കേഴ്‌സ് അസോസിയേഷൻ, ബംഗ്ലാദേശ് റെക്കാർഡ് എന്നിവയിൽ പാലാ ഭരണങ്ങാനം സ്വദേശിയായ റ്റിബിൻ തോമസ് എന്ന 20 കാരൻ ഇടം നേടി.

നേരത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിലും ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്സിലും റ്റിബിൻ തന്റെ പേര് പതിപ്പിച്ചിരുന്നു. ഒന്നിന് പുറകെ ഒന്നായി അംഗീകാരങ്ങൾ തേടി വരുന്നതിലുള്ള സന്തോഷത്തിലാണ് അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി കൂടിയായ റ്റിബിൻ.
പഠനത്തിനിടെ ഹോട്ടൽ സപ്ലൈറായും ജോലി നോക്കി കുടുംബം പുലർത്തുന്ന ഈ യുവാവ് അതിന്റെയെല്ലാം ഇടവേളകളിലാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കുന്നത്.

44 വ്യത്യസ്ത പെൻസിൽ ലെഡുകളിൽ 44 കായിക വ്യക്തികളുടെ പേരുകളാണ് 13 മണിക്കൂറുകൾ കൊണ്ട് കൊത്തിയൊരുക്കിയത്. ഈ മിടുക്കനെ അഭിനന്ദിച്ച് മന്ത്രി വി .എൻ. വാസവനും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. നേരത്തേ വാസവന്റെ പേര് കൊത്തിയ പെൻസിൽ ലെഡ് റ്റിബിൻ സമ്മാനിച്ചിരുന്നു.
മൈക്രോ ആർട്ട് എന്ന ഈ കല കഴിഞ്ഞ ലോക്ക്ഡൗണിലാണ് റ്റിബിൻ പരിശീലിച്ചത്. ചോക്ക് കാർവിംഗും ചെയ്യുന്നുണ്ട്.

ഭരണങ്ങാനം പൂവത്തോട് അറമത്ത് പരേതനായ ടോമി മാത്യുവിന്റെയും സോണിയ ജോസഫിന്റേയും മകനാണ് റ്റിബിൻ. അലീനാ ടോമിയാണ് സഹോദരി.

Advertisement
Advertisement