വാമനപുരം നദി കടക്കാൻ പാലം വേണം

Friday 06 August 2021 2:32 AM IST

ചിറയിൻകീഴ്: തോട്ടവാരം, അയന്തിക്കടവ് - മേൽകടയ്ക്കാവൂർ, തിനവിള, കീഴാറ്റിങ്ങൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വാമനപുരം നദിക്ക് കുറുകെ പാലം വേണമെന്നാവശ്യം ശക്തമാകുന്നു.

പാലം ഇല്ലാത്തത് കാരണം തിനവിള, കീഴാറ്റിങ്ങൽ, പഴഞ്ചിറ, മേൽകടയ്ക്കാവൂർ ഭാഗങ്ങളിലുള്ളവർക്ക് ചിറയിൻകീഴിൽ എത്തണമെങ്കിൽ കിലോമീറ്ററുകളോളം ചുറ്റേണ്ട അവസ്ഥയാണ് നിലവിൽ. ഇപ്പോൾ ഈ ഭാഗങ്ങളിൽ ഉള്ളവർ കൊല്ലമ്പുഴ വഴിയോ കടയ്ക്കാവൂർ ഓവർബ്രിഡ്ജ് വഴിയോ ആണ് ചിറയിൻകീഴിൽ എത്തുന്നത്. ഇത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അടിയന്തര ഘട്ടത്തിൽ എത്തിക്കേണ്ട രോഗികൾക്ക് പലപ്പോഴും ശാപമാകാറുണ്ട്.

മുൻകാലങ്ങളിൽ അധികൃതരെ നാട്ടുകാർ പലവട്ടം അറിയിച്ചെങ്കിലും വേണ്ട നടപടികളൊന്നുമുണ്ടായില്ല. സ്ഥലത്തെ ജനപ്രതിനിധികളായ വി.ശശി എം.എൽ.എ, അടൂർ പ്രകാശ് എം.പി എന്നിവരുടെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ടു വന്ന് പാലത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ വിജയിപ്പിക്കുവാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പഞ്ചായത്ത് ഭരണസമിതികളും.

കടത്ത് മാത്രം

പഞ്ചായത്ത് വക കടത്താണ് ഇപ്പോൾ ഇവിടെയുള്ളത്. മഴക്കാലമായാൽ കടത്ത് മുടങ്ങുന്നത് ഇവിടെ പതിവാണ്. വാമനപുരം നദിയിലെ കുത്തൊഴുക്കിൽ വള്ളം തുഴയാൻ സാധിക്കാതെ വരുന്നതാണ് പലപ്പോഴും കടത്ത് മുടങ്ങാൻ കാരണം. ആ സമയത്ത് യാത്ര ചെയ്യുന്നവർ ജീവൻ പണയം വച്ചാണ് വള്ളത്തിൽ കയറാൻ.

പാലം യാഥാർത്ഥ്യമായാൽ

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ മേൽകടയ്ക്കാവൂർ, പഴഞ്ചിറ എന്നീ വാർഡുകൾ വാമനപുരം നദിയുടെ അക്കരെ ഭാഗത്താണ്. പാലം യാഥാർത്ഥ്യമായാൽ ഈ വാർഡുകാർക്കും എളുപ്പം ചിറയിൻകീഴിലെ ഭരണസിരാകേന്ദ്രവും വാണിജ്യ കേന്ദ്രവുമായ വലിയകട ജംഗ്ഷനിൽ എത്താനാകും.

ഇവിടെ പാലം വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങൾ പഴക്കമുണ്ട്.

എളുപ്പ വഴി

പാലം വരികയാണെങ്കിൽ കീഴാറ്റിങ്ങൽ, തിനവിള, മേൽകടയ്ക്കാവൂർ, ഭാഗങ്ങളിലുള്ളവർക്ക് പത്ത് മിനിട്ട് കൊണ്ടുതന്നെ ചിറയിൻകീഴിൽ എത്താനാകും. അതിന് പുറമെ പാലം വഴി വലിയകട - ബൈപ്പാസ് റോഡ് വഴി കണിയാപുരത്ത് എത്തി തിരുവനന്തപുരം ഭാഗത്തേക്കും എളുപ്പം എത്താനും കഴിയും. ചിറയിൻകീഴിലുള്ളവർക്ക് വക്കം, വർക്കല ഭാഗങ്ങളിൽ പോകാനും ഇത് എളുപ്പ വഴിയാകും.

Advertisement
Advertisement