പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി,​ നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടി,​ രൂക്ഷവിമർശനവുമായി മൊയിൻ അലി

Thursday 05 August 2021 6:36 PM IST

കോഴിക്കോട്: പാർട്ടി പത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തങ്ങളുടെ മകൻ മൊയിൻ അലി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമാണെന്നും മൊയീന്‍ അലി പറഞ്ഞു. ഫിനാൻസ് മാനേജർ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മൊയീന്‍ അലി കുറ്റപ്പെടുത്തി. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു. ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പത്രത്തിന്‍റെ ചെയർമാനും എം.ഡിയുമായ തങ്ങൾക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു.

അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മുസ്ലീംലീഗ് വിശദീകരിച്ചു. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൗണ്ടില്‍ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കില്‍ അടച്ചത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലായിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് വിശദീകരിച്ചു.

Advertisement
Advertisement