കുറ്റ്യൻ കുമാരന്റെ യാത്രകൾ പച്ചമരുന്നുകൾക്ക് പിറകെ

Friday 06 August 2021 12:10 AM IST
കുറ്റ്യൻ കുമാരൻ

പാനൂർ: വലിയ കമ്പനികളടക്കം ആയുർവേദ മരുന്ന് നിർമ്മാണരംഗത്ത് കടന്നുവരികയും നാട്ടിൻപുറങ്ങളിലടക്കം ബ്രാഞ്ചുകൾ തുറക്കുകയും ചെയ്തതോടെ മരുന്നിന്റെ ചേരുവകൾ തേടിനടക്കുന്ന പഴയ കാഴ്ചകൾ എവിടെയുമുണ്ടാകില്ല. എന്നാൽ കഷായവും വിവിധ എണ്ണകളുമൊക്കെയുണ്ടാക്കാൻ ആരെങ്കിലും മരുന്ന് അന്വേഷിച്ചാൽ പത്തായക്കുന്ന് സ്വദേശി കുറ്റ്യൻ കുമാരൻ ഇന്നും അത് തേടിപ്പിടിച്ചുകൊടുക്കും.

വൈദ്യനല്ലെങ്കിലും പച്ചമരുന്നുകളെ കുറിച്ചുള്ള അറിവുകൾ നിറഞ്ഞു കിടക്കുകയാണ് ഇദ്ദേഹത്തിന്റെ മനസിൽ. പല രോഗങ്ങൾക്കുള്ള ഒറ്റമൂലികളും പച്ചമരുന്നുകളും പറഞ്ഞു കൊടുക്കുകയും ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും. വീട്ടുപറമ്പിൽ തന്നെ നട്ടുപിടിപ്പിച്ചിട്ടുണ്ട് പല പച്ചമരുന്നുകളും. ദശപുഷ്പങ്ങൾ, കരിങ്കുറിഞ്ഞി,കൊടുവേലി, ആടലോടകം, ചിറ്റാമൃത്, കറ്റാർവാഴ, നീല അമരി, കർപ്പൂര തുളസി, കാട്ടുതുളസി ഇങ്ങനെ നീളും ഇദ്ദേഹത്തിന്റെ ഔഷധച്ചെടിശേഖരം. പഴയ എട്ടാം ക്ലാസുകാരനായ ഇദ്ദേഹം നല്ല വായനക്കാരൻ കൂടിയാണ്. പത്തായക്കുന്ന് ഗുരുദേവ വിലാസം വായനശാലയിലെ നിത്യ സന്ദർശകരിലൊരാൾ. ഒഴിവു സമയം തറി മരുന്നുകടകളിലാണ്. അവിടെയുള്ള വൈദ്യന്മാരിൽ നിന്നും സ്വായത്തമാക്കിയ അറിവാണ് ഔഷധസസ്യങ്ങളോടുള്ള ഇഷ്ടത്തിന് പിന്നിൽ.

പല ജോലികളും ചെയ്താണ് ഈ രംഗത്തേക്ക് ഇദ്ദേഹം എത്തിയത്. അവൽ ഇടിക്കലായിരുന്നു ആദ്യം ചെയ്ത ജോലി. ഇതിനായി മെഷീൻ വന്നതോടെ മത്സ്യവില്പനയിലേക്ക് തിരിഞ്ഞു. മീനുമായി പോകുന്ന വഴിയിലും ആവശ്യക്കാർക്ക് വേണ്ടി മരുന്നുകൾ പറിക്കും.

പുരാവസ്തുവിന്റെ വലിയൊരു ശേഖരമുണ്ട് ഇദ്ദേഹത്തിന്റെ വീട്ടിൽ. പഴയ നാണയങ്ങൾ, മുക്കാൽ, നിരവധി കടലാസ് കറൻസി , നേപ്പാൾ നാണയം, സോവിയറ്റ് നാണയം, ചിത്രവിളക്ക്, വലംപിരി ശംഖ്, ഇടംപിരി ശംഖ്, പലതരം കവിടികൾ, ആറന്മുള കണ്ണാടി, വിവിധ തരം ആഭരണങ്ങൾ എന്നിങ്ങനെ നീളും ഇത്.

Advertisement
Advertisement