370-ാം വകുപ്പ് റദ്ദാക്കി, രാമക്ഷേത്ര നിർമ്മാണം തുടങ്ങി, ഹോക്കിയിൽ മെഡൽ: ആഗസ്റ്റ് അഞ്ചിന് ചരിത്രപ്രാധാന്യമെന്ന് പ്രധാനമന്ത്രി

Friday 06 August 2021 12:00 AM IST

പ്രതിപക്ഷം സെൽഫ് ഗോളടിക്കുന്നു

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി ഉറപ്പാക്കിയ 370-ാം വകുപ്പ് ഇല്ലാതായതും രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതും ഒളിമ്പിക് പുരുഷ ഹോക്കിയിലെ വെങ്കല മെഡൽ നേട്ടവും 'ആഗസ്റ്റ് അഞ്ച്" എന്ന ദിവസത്തിന് ചരിത്രപരമായ പ്രാധാന്യം നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ചെറുപ്പക്കാർ നേട്ടങ്ങൾ കൈവരിക്കുമ്പോൾ ചിലർ സെൽഫ് ഗോളടിക്കുകയാണെന്ന് പാർലമെന്റിലെ പ്രതിപക്ഷ ബഹളത്തെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. യു.പിയിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്ന ഉപഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുകൊല്ലം മുമ്പ് ആഗസ്റ്റ് അഞ്ചിന് 370-ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മുകാശ്‌മീരിലെ പൗരൻമാർക്ക് എല്ലാഅവകാശങ്ങളും സേവനങ്ങളും ലഭ്യമാക്കി ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന ആശയം ശക്തിപ്പെടുത്തി. അനേക വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മഹത്തായ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യ ചുവടുവയ്പുണ്ടായതും ആഗസ്റ്റ് അഞ്ചിനാണ്.പുരുഷ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടി ആവേശവും ഉത്സാഹവും കൊണ്ടുവന്നതോടെ ആഗസ്റ്റ് അഞ്ച് ഇന്ത്യ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമായി തീർന്നു.

' രാജ്യത്തിന്റെ ആഗ്രഹങ്ങളും നേട്ടങ്ങളും മാറ്റങ്ങളുമൊന്നും ചിലർക്ക് വിഷയമല്ല. സെൽഫ് ഗോൾ അടിക്കുന്നതിലാണ് ശ്രദ്ധ. അത്തരം രാജ്യദ്രോഹ രാഷ്ട്രീയത്തിന്റെ അടിമകളാകാൻ മഹത്തായ ഈ രാജ്യത്തിന് കഴിയില്ല. അവർ എത്ര ശ്രമിച്ചാലും വികസനത്തിന് തടയിടാനാകില്ല. വെല്ലുവിളികളെല്ലാം മറികടന്ന് രാജ്യം സർവ മേഖലകളിലും മുന്നേറുകയാണ്. സ്ഥാനമാനങ്ങളും കുടുംബ മഹിമയുമല്ല വികസനത്തിന്റെ മാനദണ്ഡമെന്നും' കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ മുന്നേറുകയാണെന്ന് ചെറുപ്പക്കാർക്ക് വിശ്വാസമുണ്ട്. വാക്സിനേഷനിൽ 50കോടി ഡോസ് പിന്നിട്ടതും 1.16ലക്ഷം ജി.എസ്.ടി വരുമാനം നേടിയതും കാർഷിക കയറ്റുമതിയിൽ നേട്ടം കൈവരിച്ചതും തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ വിക്രാന്ത് പുറത്തിറങ്ങിയതും ലഡാക്കിൽ ലോകത്തെ ഏറ്റവും ഉയരംകൂടിയ റോഡ് നിർമ്മിച്ചതും ഇ-റുപ്പി പണമിടപാട് സംവിധാനം നടപ്പാക്കിയതും

നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളിൽ തളരുന്ന ഇന്ത്യയെയല്ല മഹാമാരിക്കാലത്ത് കണ്ടത്. പൗരൻമാർ ഒറ്റക്കെട്ടായി കൊവിഡിനെ ചെറുത്തെന്നും ദേശീയപാത, എക്സ്‌പ്രസ് വേ അടക്കമുള്ള അടിസ്ഥാന വികസന പദ്ധതികൾക്ക് തടസമുണ്ടായില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Advertisement
Advertisement