ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞു; ഇനി കൃഷിയറിവ് വിളയിക്കും

Thursday 05 August 2021 10:17 PM IST

തൃശൂർ: ഏറെ ആരോഗ്യ ഗുണങ്ങളുള്ളതും നല്ല വരുമാനം ലഭിക്കുന്നതുമായ ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തതിന് പിന്നാലെ ഇതിന്റെ പ്രചാരം കൂട്ടാൻ തുടർപഠനം നടത്തി, കൃഷിയറിവുകൾ ലഭ്യമാക്കാനുളള ഒരുക്കത്തിലാണ് കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര കാർഷിക കോളേജിലെ ഫ്രൂട്ട് സയൻസ് ഡിപ്പാർട്ട്‌മെന്റ്. കൃത്യം ഏഴാം മാസത്തിൽ തന്നെ വിളവെടുക്കാനായി. കഴിഞ്ഞ ഡിസംബർ 29നാണ് 14 ഡ്രമ്മുകളിലായി കംബോഡിയൻ ഇനത്തിൽപ്പെട്ട 28 ഡ്രാഗൺ ഫ്രൂട്ട് തൈകൾ നട്ടത്. രണ്ട് മാസം വരെ തൈകളുടെ വളർച്ച പതുക്കെയായിരുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം പെട്ടെന്ന് വളർന്നു. ജൂൺ ആദ്യ വാരം ശിഖരങ്ങളിൽ പൂമൊട്ടുണ്ടായി. പതിനഞ്ച് ദിവസം കഴിഞ്ഞ് വിരിഞ്ഞു. നിശാഗന്ധിയുടേതിന് സാമ്യമുള്ള പൂക്കൾ രാത്രിയിലാണ് വിടരുന്നത്. പൂക്കൾ വിരിഞ്ഞ് 30 ദിവസം കൊണ്ട് കായ മൂപ്പെത്തി, വിളവെടുക്കാൻ പാകമായി. ആദ്യത്തെ വിളവെടുപ്പ് വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു നിർവഹിച്ചു. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. അനീറ്റ ചെറിയാൻ, ഫ്രൂട്ട് സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ മേധാവി ഡോ. ജ്യോതി ഭാസ്‌കർ എന്നിവരും പങ്കെടുത്തു.

സവിശേഷതകൾ

പഴത്തിന്റെ പുറംതോടിനും അകക്കാമ്പിനും ആകർഷക ചുവപ്പ് നിറം
വേനൽക്കാലത്ത് ചെറിയ തോതിൽ ജലസേചനം മാത്രം മതി
പ്രത്യേകിച്ച് വളവും പരിചരണങ്ങളും നൽകേണ്ടതില്ല
ഒന്ന് ഒന്നര വർഷക്കാലം ആദ്യ വിളവെടുപ്പിനുള്ള സമയം
പിത്തായ, വ്യാളിപ്പഴം എന്നീ പേരുകളിൽ അറിയപ്പെടുന്നു.
വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശങ്ങളിലും കൃഷി ചെയ്യാനാകും.

കൃഷി ഇങ്ങനെ

പരീക്ഷണാടിസ്ഥാനത്തിൽ ഡ്രമ്മുകളിലാണ് നട്ടത്.

സാധാരണ മണ്ണിൽ നിലത്താണ് നടാറുള്ളത്.

താഴോട്ടും വളരണം
ഇരുന്നൂറ് ലിറ്ററിന്റെ സെക്കൻഡ് ഹാൻഡ് പ്ലാസ്റ്റിക്ക് ഡ്രമ്മുകൾ രണ്ടായി മുറിച്ച് അടിയിൽ വെള്ളം പോകാനായി ദ്വാരങ്ങളിട്ടു.
തൈകൾ വളർന്ന് 56 അടിയെത്തിയാൽ താഴോട്ടേക്ക് നിയന്ത്രിക്കണം.
താഴേക്ക് തൂങ്ങിക്കിടക്കുന്ന ശിഖരങ്ങളിലാണ് പൂക്കളുണ്ടാവുക.
ഡ്രമ്മിന്റെ നടുഭാഗത്ത് കോൺക്രീറ്റ് കാലുകൾ (4ഃ4 ഇഞ്ച് കനത്തിൽ 6 അടി ഉയരം) നാട്ടി.
മുകളിലായി ബൈക്കിന്റെ പഴയ ടയർ ഘടിപ്പിച്ചു.

ഡ്രമ്മിന്റെ അടിഭാഗത്തായി വെള്ളം കെട്ടി നിൽക്കാതിരിക്കുന്നതിന് ഒരു ലെയർ ബേബി മെറ്റൽ (കരിങ്കൽ ചീള്) ദ്വാരങ്ങളുടെ മുകളിൽ വരത്തക്ക രീതിയിൽ ഇട്ടു.
ഡ്രമ്മിന്റെ മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിശ്രിതം (മണൽ, ചകിരിച്ചോർ വളം, ട്രൈക്കോഡെർമ സമ്പുഷ്ടമായ ആട്ടിൻകാഷ്ഠം, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്) നിറച്ചു.
ഒരു ഡ്രമ്മിൽ കാലിന്റെ ഇരുവശങ്ങളിലായി രണ്ട് തൈകൾ (23 അടി പൊക്കമുള്ള) വീതമായിരുന്നു നട്ടത്.

Advertisement
Advertisement