ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണം

Friday 06 August 2021 12:00 AM IST

ഇലക്ട്രിക് വാഹനങ്ങളുടെ വില്‌പന പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ തുടർച്ചയായി പല നടപടികളും എടുത്തുവരുന്നുണ്ട്. ഏറ്റവും ഒടുവിലായി ഇ - വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീ വേണ്ടെന്ന് വച്ചിരിക്കുന്നു. ആർ.ടി ഓഫീസുകളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഒഴിവായി കിട്ടുമെന്നതാണ് ഇതിന്റെ വലിയ പ്രയോജനം. ഇലക്ട്രിക് പാസഞ്ചർ കാറുകൾക്ക് 1000 മുതൽ 1500 രൂപ വരെയാണ് നിലവിലുള്ള ഫീസ്. ഇതാണ് ഒഴിവാകുന്നത്. ടൂവീലറുകൾക്ക് 300 മുതലും ഇറക്കുമതി ചെയ്തതാണെങ്കിൽ 2500 രൂപ വരെയുമാണ് രജിസ്ട്രേഷൻ ഫീസ്. ഇതും ഒഴിവാകും. നേരത്തേ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയ്ക്ക് 12 ശതമാനം ജി.എസ്.ടി ചുമത്തിയിരുന്നത് അഞ്ച് ശതമാനമായി കുറിച്ചിരുന്നു. ചാർജറിന്റെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനവുമാക്കി. സബ്‌ഡിഡി തുക പതിനായിരത്തിൽ നിന്ന് 15000 ആയി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചെയ്തിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില തീപിടിച്ച് ഉയർന്നിട്ടും ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വളരെ കുറഞ്ഞ തോതിലാണ് നടക്കുന്നത്. കഴിഞ്ഞ വർഷം 24 ലക്ഷം കാറുകൾ വിറ്റുപോയതിൽ ഇലക്ട്രിക് കാറുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ മാത്രമാണ്. ഇതിന്റെ അർത്ഥം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് ജനങ്ങളിൽ പല ആശങ്കകളും നിലനില്‌ക്കുന്നു എന്നതാണ്. കേന്ദ്രസർക്കാർ വലിയ രീതിയിൽ ബോധവത്‌‌കരണ പരിപാടികൾ നടത്തിയാൽ മാത്രമേ ഇതിൽ മാറ്റം വരൂ. അതോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം. ബാറ്ററിയുടെ വലിയ വിലയും എട്ട് വർഷം കഴിയുമ്പോൾ അതു മാറ്റണമെന്നതുമാണ് പലരെയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത് മാറണമെങ്കിൽ ഇപ്പോഴുള്ള ബാറ്ററിയുടെ ആയുസ് കൂട്ടുകയും വില കുറയ്ക്കുകയും വേണം. ഇതിനുള്ള ഫാക്ടറികളുടെ ഗവേഷണ സംരംഭങ്ങൾക്കും സർക്കാരും ഐ.ഐ.ടി ഗവേഷകരും പിന്തുണ നൽകണം. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് വളരെ കുറഞ്ഞ സർവീസ് ചാർജ് മാത്രമേ ചെലവാക്കേണ്ടിവരൂ. എന്നാൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉടമകൾക്ക് സർവീസ് ചാർജായി വലിയൊരു തുക പ്രതിവർഷം ചെലവഴിക്കേണ്ടിവരും. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ സാധാരണക്കാർക്ക് ശരിയായ അറിവുകൾ ലഭിച്ചിട്ടില്ല. അക്കാര്യത്തിൽക്കൂടി ഉപരിതല ഗതാഗതവകുപ്പ് ശ്രദ്ധിക്കണം. എല്ലാ വാഹനങ്ങളും ഇലക്‌ട്രിക് ആയി മാറാനുള്ള സാദ്ധ്യതയാണ് മുന്നിൽ കാണുന്നത്. സമൂഹത്തിന് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നു എന്നതാണ്. അതിനാൽ നിരത്തുകളിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നത് കാൽനട യാത്രക്കാർക്ക് ആരോഗ്യത്തിന് നല്ലതാണ്.

Advertisement
Advertisement