മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണും: മന്ത്രി സജിചെറിയാൻ

Friday 06 August 2021 1:02 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജിചെറിയാൻ നിയമസഭയിൽ പറഞ്ഞു. തീരക്കടലിൽ മത്സ്യബന്ധനബോട്ടുകളുടെ അപകടപരമ്പരയ്ക്ക് പരിഹാരം തേടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നം സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിൻസന്റ് കുറ്റപ്പെടുത്തി. പ്രളയം വന്നസമയത്ത് സജിചെറിയാൻ സ്വന്തം മണ്ഡലത്തിൽ കരഞ്ഞിരുന്നപ്പോൾ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ മന്ത്രിയായപ്പോൾ മറന്നത് ശരിയായില്ല. വിഴിഞ്ഞത്ത് ഏഴും തൃശൂർ, തുമ്പ, കോഴിക്കോട് എന്നിവിടങ്ങളിൽ ഒാരോന്ന് വീതവും കാസർകോട് മൂന്നും ചിറയിൻകീഴ് മുതലപ്പൊഴിയിൽ പത്തു പേരുമാണ് ബോട്ടപകടങ്ങളിൽ ഉൾപ്പെടെ മരിച്ചത്. അഞ്ഞൂറോളം പേർക്ക് പരിക്കുപറ്റി. സുരക്ഷയ്ക്ക് സർക്കാർ സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികൾക്കായി കഴിഞ്ഞ സർക്കാർ 9,985 കോടി ചെലവഴിച്ചുവെന്നും നടപ്പ് ബഡ്ജറ്റിൽ 1500 കോടി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിൽ മൗത്ത് കുറവായതിനാൽ ഡ്രഡ്ജറിന് കയറാനാവില്ല. ഇത് ശരിയാക്കി അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണക്കമ്പനി സെപ്തംബർ 15 മുതൽ ഇവിടെയും പെരുമാതുറയിലും മണ്ണ് മാറ്റും. മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ചെന്നൈ ഐ.ഐ.ടി പരിസ്ഥിതിപഠനം നടത്തുന്നുണ്ട്. മൂന്ന് മാസത്തിനകം റിപ്പോർട്ട് കിട്ടും. അതിനുശേഷം നടപടിയുണ്ടാകും. കാസർകോട്ട് 17 കോടിയുടെ പദ്ധതി നടപ്പാക്കിയെന്നും വിഴിഞ്ഞത്തെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും മന്ത്രി അറിയിച്ചു. മുതലപ്പൊഴിയിൽ സ്ഥിരം ആംബുലൻസും മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷാകോറിഡോറും ഉണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

Advertisement
Advertisement