ആഡംബരകാറിന് ഇളവു തേടിയ ധനുഷ് ഹർജിയിൽ ഇക്കാര്യം സൂചിപ്പിക്കാത്തത് കോടതിയെ ചൊടിപ്പിച്ചു, പിന്നെ നടന്നത്

Friday 06 August 2021 8:00 AM IST

ചെന്നൈ: ബ്രിട്ടനിൽ നിന്ന് 2015ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് ആഡംബരകാറിന് പ്രവേശന നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നടൻ ധനുഷിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. രാജ്യത്തെ പാവപ്പെട്ടവർ പോലും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ നികുതി അടയ്ക്കാൻ മടിക്കുന്നതെന്തെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു.

കോടതി കേസ് പരിഗണിച്ചപ്പോൾ 50 ശതമാനം നികുതി അടച്ചെന്നും ബാക്കി ഉടൻ അടയ്ക്കാൻ തയാറാണെന്നും 2015ൽ നൽകിയ കേസ് പിൻവലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും സിനിമാ താരങ്ങൾ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.

'നിങ്ങളുടെ ഉദ്ദേശ്യം സത്യസന്ധമാണെങ്കിൽ സുപ്രീംകോടതി 2018ൽ വിഷയം തീർപ്പാക്കിയ ശേഷമെങ്കിലും നികുതി അടയ്ക്കുമായിരുന്നു. പക്ഷേ, ഹൈക്കോടതി പഴയ ഹർജി ലിസ്റ്റ് ചെയ്തപ്പോഴാണ് നിങ്ങൾ ഹർജി പിൻവലിക്കാൻ അപേക്ഷിക്കുന്നത്.

നിങ്ങൾ സമ്പന്നരല്ലേ? പാൽ വിൽക്കുന്നവരും കൂലിപ്പണിയെടുക്കുന്നവരുമൊക്കെ ഓരോ ലിറ്റർ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതിൽ ഇളവുവേണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല. ഇവർ നികുതി നൽകിയ പണമുപയോഗിച്ച് നിർമിക്കുന്ന റോഡിലൂടെയാണ് നിങ്ങൾ ആഡംബര കാർ ഓടിക്കാൻ പോകുന്നത്. എത്ര കാർ വേണമെങ്കിലും വാങ്ങിച്ചോളൂ, ഹെലികോപ്ടർ വാങ്ങിച്ചോളൂ. പക്ഷേ, കൃത്യമായി നികുതി അടയ്ക്കണം. അത് നീട്ടിക്കൊണ്ടുപോകരുത്.കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും സിനിമാപ്രവർത്തകർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും' ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു. ഹർജിയിൽ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചൊടിപ്പിച്ചു.

പ്രവേശന നികുതിയിൽ ഇളവ് തേടി നടൻ വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ട് സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു. എന്നാൽ ഈ സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നീട് ഡിവിഷൻ ബെഞ്ചിന്റെ താൽക്കാലിക സ്റ്റേ ലഭിച്ചു.

Advertisement
Advertisement