അതിർത്തിയിൽ നിന്ന് 25കി.മീ പരിധിയിൽ ഡ്രോണുകൾ പാടില്ല

Saturday 07 August 2021 1:35 AM IST

ന്യൂഡൽഹി: അന്താരാഷ്‌ട്ര അതിർത്തിയിൽ 25കി.മീ പരിധിക്കുള്ളിൽ ആളില്ലാ വിമാനങ്ങൾ(ഡ്രോണുകൾ) പറത്തുന്നത് മാർച്ചിൽ നിലവിൽ വന്ന ആളില്ലാ വിമാനസംവിധാന നിയമം(യു.എ.എസ്)പ്രകാരം വിലക്കിയിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ(റിട്ട) വി.കെ.സിംഗ് പാർലമെന്റിൽ അറിയിച്ചു.

ജമ്മുകാശ്മീർ, ലഡാക്, അരുണാചൽ പ്രദേശ് തുടങ്ങി അതിർത്തി മേഖലകളിലാണ് നിരോധനം ബാധകമാണ്. ഇവിടങ്ങളിൽ നിയന്ത്രണ രേഖ, യഥാർത്ഥ നിയന്ത്രണ രേഖ, ആക്‌ച്വൽ ഗ്രൗണ്ട് പോസിഷൻ രേഖ(എ.ജി.പി.എൽ) എന്നിവയടക്കം അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകൾക്ക് വിലക്കുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോഗിക്കാനാകില്ല.

വിവാഹത്തിനും മറ്റുമുപയോഗിക്കുന്ന ഡ്രോണുകളുടെ ഉപയോഗവുംനിയമത്തിന്റെ കീഴിൽ വരും. പ്രതിരോധ ആവശ്യത്തിനുള്ള ഡ്രോണുകൾക്ക് നിയമം ബാധകമല്ല.

Advertisement
Advertisement