ഒരുങ്ങാതെ, ഒഴുക്കൻ ഒരോണം !

Saturday 07 August 2021 1:08 AM IST
ജലോത്സവം

തൃശൂർ : കൊവിഡ് മഹാമാരിക്കിടയിൽ ഓണാഘോഷം വീടുകളിൽ ഇരുന്ന് ആഘോഷിക്കേണ്ടി വരുമോയെന്ന ആശങ്ക ഒഴിയുന്നില്ല. രോഗികളുടെ എണ്ണം കുറയാത്തതിനാൽ നിലവിൽ ആഘോഷങ്ങൾക്കായി നിയന്ത്രണം നീക്കാനുള്ള സാഹചര്യമില്ല. അത്തം മുതൽ ഓണാഘോഷത്തിന് തുടക്കം കുറിക്കാറുണ്ട്.


എന്നാൽ ഇതിനായുള്ള മുന്നൊരുക്കം ഒന്നും തന്നെ നടത്താനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഓണക്കാലത്തെക്കാൾ ജില്ലയിൽ കൊവിഡ് വ്യാപനം ഏറെയാണ്. ഓണാഘോഷം തെക്കെ ഗോപുര നടയിൽ അത്തം നാളിൽ ഒരുക്കുന്ന ഭീമൻ അത്തപ്പൂക്കളത്തോടെയാണ് തുടങ്ങാറ്. ഇതിന് മാറ്റ് കൂട്ടുന്ന വിധത്തിൽ കുമ്മാട്ടിക്കളി, പുലിക്കളി, വള്ളംകളി എന്നിവയും വിവിധ കേന്ദ്രങ്ങളിൽ ഒരുങ്ങും. ഇതിനുള്ള ഒരുക്കം ഓണാഘോഷത്തിന് മാസങ്ങൾക്ക് മുമ്പേ ആരംഭിക്കും. ഓണച്ചന്തകളും മറ്റും കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാകും ഇപ്രാവശ്യവും നടത്തുക. അടുത്ത ദിവസം മുതൽ കൂടുതൽ ഇളവുകൾ നൽകുമെങ്കിലും ആഘോഷങ്ങളും ആൾക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾക്കും നിയന്ത്രണമുണ്ടാകും.

കുമ്മാട്ടിക്കൂട്ടമില്ല

ഓണനാളുകളിൽ ശക്തന്റെ തട്ടകത്തും മറ്റിടങ്ങളിലും നിറസാന്നിദ്ധ്യമായ കുമ്മാട്ടിക്കൂട്ടം ഇത്തവണയും ഉണ്ടാകില്ല. പർപ്പടകപുല്ല് ദേഹത്ത് ചുറ്റി കുമ്മാട്ടിപ്പാട്ടുകളുമായി വീഥികളിലും വീടുകളിലുമെത്തുന്ന കുമ്മാട്ടികളിയുടെ ഒരുക്കം ഇത്തവണ ഒരിടത്തുമില്ല. പ്രധാന കേന്ദമായ കിഴക്കുംപാട്ടുകരയിലും ഇത്തവണ പ്രതീകാത്മകമായിട്ടാകും കുമ്മാട്ടിക്കളി. ഒരു ചെണ്ടയും ഇലത്താളവും ഒരു കുമ്മാട്ടിയുമായി പനമുക്കുംപള്ളി ശാസ്താ ക്ഷേത്രത്തിലെത്തി തേങ്ങയുടച്ച് പ്രതീകാത്മകമായി നടത്താനാണ് ആലോചിക്കുന്നതെന്ന് വടക്കുംമുറി കുമ്മാട്ടിസംഘം പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് പറഞ്ഞു.

പുലിയെത്തും, ചടങ്ങിന്

കോർപറേഷൻ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണയും ഒറ്റപ്പുലിയെത്തി നടുവിലാൽ ഗണപതി കോവിലിന് മുന്നിൽ തേങ്ങയുടച്ച് പ്രതീകാത്മക പുലിക്കളി നടത്തിയേക്കും. കഴിഞ്ഞ തവണ വിയ്യൂർ ദേശമാണ് കരിമ്പുലിയുമായി ശക്തന്റെ തട്ടകത്ത് നാലോണ നാളിലെത്തി പുലിക്കളിയുടെ സ്മരണ പുതുക്കിയത്. അതേ സമയം അയ്യന്തോൾ ദേശം സംഘടിപ്പിച്ച വെർച്വൽ പുലിക്കളി ശ്രദ്ധയാകർഷിച്ചിരുന്നു. ഇത്തവണ എത് രീതിയിൽ നടത്തണമെന്നത് സംബന്ധിച്ച് കൂടിയാലോചനകൾ നടക്കുന്നതായി സംഘാടക സമിതി ഭാരവാഹിയായ രാജേഷ് പറഞ്ഞു.

ആവേശം വിതറാതെ ഓളപരപ്പുകൾ

ജില്ലയിലെ ഓളപ്പരപ്പുകളെയും ഇരുകരകളിലും തിങ്ങിനിറയുന്ന കാണികളെയും ആവേശം കൊള്ളിക്കുന്ന ജലോത്സവങ്ങളും ഇത്തവണയും ഓർമ്മകളിലൊതുങ്ങും. തൃപ്രയാർ, കണ്ടശാംകടവ്, കോട്ടപ്പുറം, കരാഞ്ചിറ, കുണ്ടുവക്കടവ് തുടങ്ങി നിരവധി വള്ളംകളികളാണ് ഓണനാളുകളിൽ അരേങ്ങേറാറ്. ഇതിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പേ പരിശീലനവും മറ്റും ആരംഭിക്കാറുണ്ടായിരുന്നു.

ഡി.ടി.പി.സിയും ഇത്തവണയില്ല

ഓണത്തോട് അനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കാറ്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടികൾക്ക് പുറമേ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ഓണാഘോഷ പരിപാടികൾ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. എന്നാൽ ഒരറിയിപ്പും വിനോദ സഞ്ചാര വകുപ്പിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി കവിത പറഞ്ഞു.

Advertisement
Advertisement