പൂട്ട് അഴിയാതെ ഓഡിറ്റോറിയങ്ങൾ

Friday 06 August 2021 11:31 PM IST
അടഞ്ഞുകിടക്കുന്ന പഴവങ്ങാടി പള്ളിവക ഓഡിറ്റോറിയം

ചിങ്ങ പ്രതീക്ഷയും കൈവിട്ടു

ആലപ്പുഴ: ബുക്കിംഗില്ലാതെ ചിങ്ങ പ്രതീക്ഷയും കൈവിട്ടതോടെ ഇളവുകളിലും പൂട്ട് അഴിയാതെ ഓഡിറ്റോറിയങ്ങൾ. കൊവിഡിനെ തുടർന്ന് വിവാഹങ്ങൾക്കും ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതാണ് കൺവെൻഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള അനുബന്ധ മേഖലയിലെ തൊഴിൽ നഷ്ടത്തിന് കാരണം.

ആദ്യ ലോക്ക് ഡൗൺ മുതൽ പൂർണമായും പ്രതിസന്ധിയിലായ വിഭാഗമാണിവർ. വലുപ്പത്തിലും സൗകര്യങ്ങളിലും പരസ്പരം മത്സരിച്ചിരുന്നവയിൽ ഭൂരിഭാഗവും ഒന്നരവർഷമായി തുറന്നിട്ടേയില്ല. ഒന്നാം തരംഗത്തിന് ശേഷം നൂറുപേർക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. അയ്യായിരം മുതൽ മുപ്പതിനായിരം ചതുരശ്രയടി വലുപ്പമുള്ള കെട്ടിടങ്ങൾക്ക് ഇത് ലാഭകരമായിരുന്നില്ല.

രണ്ടാം തരംഗത്തോടെ ചടങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതിലേയ്ക്ക് ചുരുങ്ങി. ഇതോടെ വലിയ ഓഡിറ്റോറിയങ്ങളെ ജനം പൂർണമായും കൈയൊഴിഞ്ഞു. വീടുകളിൽ സൗകര്യമില്ലാത്തവർ ചെറിയ ഓഡിറ്റോറിയങ്ങളിലേയ്ക്ക് ചടങ്ങുകൾ ഒതുക്കിയതോടെ ഭൂരിഭാഗം ഓഡിറ്റോറിയങ്ങൾക്കും ബുക്കിംഗില്ലാതായി.

ഇതോടെ കോടികൾ ചെലവഴിച്ച് ആഡംബര സൗകര്യങ്ങളടക്കം ഒരുക്കിയ കൺവൻഷൻ സെന്റർ ഉടമകൾ വായ്പാ തുക തിരിച്ചടയ്ക്കാൻ പാടുപെടുകയാണ്. ചിങ്ങമാസം മുതലാണ് സാധാരണ വിവാഹ ബുക്കിംഗുകൾ ലഭിച്ചിരുന്നത്. ഇത്തവണ അതും പഴങ്കഥയാവുകയാണ്.

പ്രതിസന്ധി

1. ബുക്കിംഗുകൾ കുറഞ്ഞു

2. നിശ്ചിത ഹൈ ടെൻഷൻ വൈദ്യുതി നിരക്ക് അടയ്ക്കണം

3. നികുതികൾ അടയ്ക്കണം

4. ഓഡിറ്റോറിയങ്ങൾ പലതും കൊവിഡ് സെന്ററുകൾ

അനുബന്ധ മേഖലകൾ

 കാറ്ററിംഗ്

 ലൈറ്റ് ആൻഡ് സൗണ്ട്

 പന്തൽ ആൻഡ് ഡെക്കറേഷൻ

 ഇവന്റ് മാനേജ്മെന്റ്

വാടക നിരക്ക്

പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ പ്രതിദിന വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളും കൺവെൻഷൻ സെന്ററുകളും ജില്ലയിലുണ്ട്. ബുക്കിംഗ് കുറഞ്ഞതോടെ, കൂടിയ നിരക്കും ഈടാക്കാനാവുന്നില്ല. വിവാഹം, റിസപ്ഷൻ, നിശ്ചയം, പിറന്നാൾ ആഘോഷം, മറ്റ് ചടങ്ങുകളുടെ സത്കാരം, വിവിധ സമ്മേളനങ്ങൾ എന്നിങ്ങനെ നിരന്തരം ബുക്കിംഗുകൾ ലഭിച്ചിരുന്ന കാലത്ത് നിന്നാണ് പൂർണമായി അടച്ചിടേണ്ട സ്ഥിതിയിലേയ്ക്ക് നീങ്ങിയത്.

''

ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഉള്ളതിനാൽ പലരും ഓഡിറ്റോറിയങ്ങൾ വേണ്ടെന്ന് വയ്ക്കുകയാണ്. ചിങ്ങമെന്ന മികച്ച സീസണാണ് തുടർച്ചയായി രണ്ടാം വർഷവും നഷ്ടമാകുന്നത്.

ഓഡിറ്റോറിയം നടത്തിപ്പുകാർ

Advertisement
Advertisement