അഭിഭാഷകവൃത്തിയിലേക്ക് ഇനി കാടിന്റെ മക്കളും കൂടി

Saturday 07 August 2021 12:56 AM IST
നിയമപഠനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ പാസ്സായ ഒൻപത് ഗോത്രവർഗ വിദ്യാർത്ഥികൾ

കൽപ്പറ്റ: നിയമപഠനത്തിനുള്ള ദേശീയപരീക്ഷയുടെ കടമ്പ കടന്ന് വയനാട്ടിലെ കാട്ടുനായ്ക്ക വിദ്യാർത്ഥികളും!. ഒന്നും രണ്ടുമല്ല, ഒൻപതു പേർ!!. ഈ നേട്ടം കേരളത്തിന്റെ വിദ്യാഭ്യാസ - സാംസ്‌കാരിക ചരിത്രത്തിൽ വയനാടിന് പൊൻ തൂവലായി മാറുകയാണ്.

വനത്തിനുളളിൽ കഴിയുന്ന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ (ക്ലാറ്റ്) പാസ്സായതോടെ ഈ ഒൻപതു പേരും അഡ്മിഷൻ കൗൺസലിംഗിനായി യോഗ്യത നേടിക്കഴിഞ്ഞു. ഇവരിൽ പാമ്പ്ര ചുണ്ടക്കൊല്ലി വാറച്ചംകുന്ന് കോളനിയിലെ എം മൃദുല 258-ാം റാങ്കുമായി കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (എൻ യു എ എൽ എസ്) ൽ പ്രവേശനത്തിന് അർഹയായി.

ജില്ലാ ജഡ്‌ജി ഹാരിസ്, കെൽസ ഡയറക്ടർ കൂടിയായ ജഡ്‌ജി രവികുമാർ എന്നിവരുടെയും ഐ.ടി ഡി.പി വയനാട് ജില്ലാ പ്രോജക്ട് ഓഫീസർ കെ.ചെറിയാന്റെയും മനസിൽ ഉയർന്നുവന്ന ആശയമാണ് കാടിന്റെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ പുതിയ ചുവടുവെപ്പാവുന്നത്. ക്ലാറ്റ് 258 റാങ്ക് നേടിയ മൃദുലയുടെ വിജയത്തിന് സ്വർണ മെഡലിനേക്കാൾ തിളക്കമുണ്ടെന്ന് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ അധികൃതർ അഭിമാനത്തോടെ പറയുന്നു.

ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയും പട്ടികവർഗ വികസനവകുപ്പും ചേർന്ന് തുടക്കമിട്ട നിയമഗോത്രം പരിശീലന പരിപാടിയിലൂടെയാണ് 9 ആദിവാസി വിദ്യാർത്ഥികൾക്ക് നിയമ പഠനത്തിന് വാതിൽ തുറന്നുകിട്ടിയത്. ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് നിയമ വിദ്യാഭ്യാസ ഉപരിപഠനത്തിനായി പ്രവേശനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം.
കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 27 വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. മൃദുലയ്ക്കു പുറമെ ആർ അയന, ജി ശ്രീക്കുട്ടി, എ അമ്മു, കെ കെ അനഘ, മീനാക്ഷി, എം ആർ അഖിൽ, ആർ രാഹുൽ, ദിവ്യവിജയൻ എന്നിവരാണ് വിവിധ ദേശീയ നിയമ സർവകലാശാലകളിലേക്ക് അലോട്ട്‌മെന്റിനായി കാത്തിരിക്കുന്നത്.
പരിശീലനത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്തത് കോഴിക്കോട് ലോ കോളേജിലെ പ്രൊഫ.ലോവൽമാൻ, സെൻട്രൽ യൂണിവേഴ്സിറ്റി തിരുവല്ല ലോ കാമ്പസിലെ വകുപ്പ് മേധാവി ഡോ. ജയശങ്കർ, ഡോ. ഗിരീഷ്, ഡൽഹി ലോയ്ഡ് കോളേജിലെ പ്രൊഫസറായ ഡോ. കവിത, സുപ്രീം കോടതി അഭിഭാഷകരായ അഡ്വ. ജാസ്‌മിൻ, അഡ്വ. ജോർജ് ഗിരി എന്നിവരാണ്. പട്ടികവർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിശീലനം.

Advertisement
Advertisement