ടോക്യോയിലെ ഇന്ത്യൻ വെളിച്ചങ്ങൾ

Saturday 07 August 2021 2:13 AM IST

ടോക്യോയിൽ 32-ാമത് ഒളിമ്പിക്സ് അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ സന്തോഷം നിറയ്ക്കുന്ന വാർത്തകളാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇതിനകം രണ്ടുവെള്ളിയും മൂന്ന് വെങ്കലവുമടക്കം അഞ്ച് മെഡലുകൾ നമുക്ക് നേടാൻ കഴിഞ്ഞു. മെഡലുകൾ നേടാൻ കരുത്തുള്ള താരങ്ങൾ ഇനിയും കളത്തിലേക്ക് ഇറങ്ങാനിരിക്കുന്നു. ചില ഇനങ്ങളിൽ നേരിയ വ്യത്യാസത്തിന് മെഡലുകൾ നഷ്ടമായി. ഓരോ ഒളിമ്പിക്സിൽ നിന്നും ഒന്നോ രണ്ടോ മെഡലുകൾ കാത്തിരുന്ന ഇന്ത്യ ഒരു ദിവസം ഒന്നിലേറെ മെഡലുകൾ നേടുന്ന വളർച്ച.

വെയ്റ്റ് ലിഫ്റ്റിംഗിൽ വെള്ളി നേടി മീരാഭായ് ചാനു തുടക്കമിട്ട മെഡൽവേട്ട പി.വി സിന്ധുവിന്റെയും ലവ്‌ലിനയുടെയും പുരുഷ ഹോക്കിടീമിന്റെയും വെങ്കലങ്ങളിലൂടെയും രവികുമാറിന്റെ വെള്ളിയിലെത്തി നിൽക്കുകയാണ്. ഇതിൽ ഇന്ത്യ ഏറ്റവും കൂടുതൽ അഭിമാനിച്ചത് കഴിഞ്ഞ ദിവസം മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷും സംഘവും കരുത്തരായ ജർമ്മനിയെ കീഴടക്കി ഹോക്കിയിൽ വെങ്കലം നേടിയപ്പോഴാണ്. ഇന്ത്യയുടെ ദേശീയ കായിക വിനോദമായി വാഴ്‌ത്തപ്പെടുന്ന ഹോക്കിയിൽ 41 വർഷത്തിന് ശേഷം ലഭിക്കുന്ന ഒളിമ്പിക് മെഡലാണിത്.

ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക ഇനമാണ് ഹോക്കി. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയെ ഒളിമ്പിക് സ്വർണത്തിന്റെ മാധുര്യം ആദ്യമായി അറിയിച്ചത് ഹോക്കിയാണ്. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും സ്വർണം ഇന്ത്യയ്ക്കായിരുന്നു. ധ്യാൻചന്ദ് എന്ന ഇതിഹാസമായിരുന്നു ഇന്ത്യയുടെ പടക്കുതിര. 1928, 1932, 1936 ഒളിമ്പിക്സുകളിൽ ഇന്ത്യ തുടർച്ചയായി സ്വർണം നേടിയപ്പോൾ ടീമിന്റെ നെടുംതൂണായിരുന്നു ധ്യാൻചന്ദ്.

1972-ലെ മ്യൂണിക്ക് ഒളിമ്പിക്സിന് ശേഷം ഇന്ത്യ സെമിയിലെത്തിയത് ഇത്തവണയാണ്. 1980-ലെ മോസ്‌കോ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നെങ്കിലും അന്ന് സെമി മത്സരങ്ങളുണ്ടായിരുന്നില്ല. 1980 നുശേഷം മെഡൽ ലഭിച്ചില്ലെന്ന് മാത്രമല്ല പ്രകടനം വളരെ നിരാശപ്പെടുത്തുന്നതുമായി. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലും ഇന്ത്യൻ ഹോക്കിക്ക് കണ്ണീർക്കഥയാണ് പറയാനുണ്ടായിരുന്നത്. 2008ൽ യോഗ്യത പോലും നേടാൻ കഴിയാതിരുന്ന ഇന്ത്യ 2012-ൽ അവസാനക്കാരായി. 2016 റിയോയിൽ നേടിയത് എട്ടാം സ്ഥാനവും.

വീഴ്ചകളുടെ ആ പടുകുഴിയിൽ നിന്നുള്ള ഇന്ത്യൻ ഹോക്കിയുടെ ഉയർത്തെണീപ്പിൽ പി.ആർ ശ്രീജേഷ് എന്ന മലയാളിക്ക് നിർണായകപങ്ക് വഹിക്കാനായി എന്നത് കേരളത്തിനും അഭിമാനമാകുന്നു. കേരളത്തിന്റെ രണ്ടാമത്തെ ഒളിമ്പിക് മെഡലിസ്റ്റാണ് ശ്രീജേഷ്. 1972ൽ വെങ്കലം നേടിയ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ മാനുവൽ ഫ്രെഡറിക്സിന്റെ പിൻഗാമിയായ ശ്രീജേഷിന്റെ നിരവധി സേവുകൾ ഒളിമ്പിക്സിൽ കണ്ടു. ജർമ്മനിക്കെതിരെ കളി തീരാൻ ആറ് സെക്കൻഡ് മാത്രം ശേഷിക്കേ ഒരു പെനാൽറ്റി കോർണർ അത്ഭുതകരമായി തട്ടിയകറ്റിയ ശ്രീയുടെ ചങ്കുറപ്പാണ് ഇന്ത്യൻ മെഡലിന്റെ തിളക്കത്തിൽ പ്രതിഫലിക്കുന്നത്. ദേശീയ കായിക വിനോദത്തിന് അടിസ്ഥാന സൗകര്യങ്ങൾ തുലോം തുച്ഛമായ നമ്മുടെ നാട്ടിൽ നിന്നാണ് ശ്രീ ഇന്ത്യയുടെ അഭിമാനം കാത്ത മാലാഖയായി വളർന്നത്.

ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് സെമിയിലെത്തിയ വനിതാഹോക്കി ടീമിന് മെഡൽ നേടാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും അവരുടെ പോരാട്ടവീര്യം അഭിനന്ദനാർഹമാണ്. പക്ഷേ ജർമ്മനിക്കെതിരായ മത്സരത്തിന് ഇറങ്ങും മുമ്പ് ഇന്ത്യൻ താരം വന്ദന കതാരിയയുടെ വീടിന് നേരെയുണ്ടായ ജാതി അതിക്രമം ഇന്ത്യയ്ക്ക് നാണക്കേടാണ്. കായികതാരത്തെപ്പോലും ജാതിനോക്കി ആക്ഷേപിക്കുന്ന മനോവൈകൃതക്കാരെ തുടച്ചുനീക്കാതെ നമ്മൾ രക്ഷപ്പെടില്ല. ഒളിമ്പിക്സിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ് വന്ദന. മനോവേദനയ്ക്കിടയിലും ബ്രിട്ടനെതിരെ ഗോളടിക്കാൻ കഴിഞ്ഞ വന്ദനയെ വണങ്ങിയില്ലെങ്കിലും വേദനിപ്പിക്കരുത്.

Advertisement
Advertisement