ആരാധകർ ഇ- ബുൾജെറ്റ് വ്ളോഗർമാർക്കൊപ്പമാണ്: 'തൂങ്ങിച്ചാകും, ആ മാമൻമാർ എനിക്ക് ഭ്രാന്താണ് '

Monday 09 August 2021 10:10 PM IST

കണ്ണൂർ: ഇതുപോലുള്ള ഫേവറിറ്റ് ചാനൽ ഞാനിതുവരെ കണ്ടിട്ടില്ല. ആ മാമൻമാർ എനിക്ക് ഭ്രാന്താണ്. ആ വണ്ടി വിട്ടില്ലെങ്കിൽ ഞാൻ തൂങ്ങിച്ചാകും.ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങളായ കിളിയന്തറ വിളമന നെച്ചിയാട്ട് എബിനെയും ലിബിനെയും മോട്ടോർവാഹനവകുപ്പ് പിടികൂടിയപ്പോൾ ഒരു പയ്യന്റെ പോസ്റ്റിലെ വികാരപ്രകടനം ഇങ്ങനെയായിരുന്നു.ഇ- ബുൾ വ്ളോഗർമാരോടുള്ള ആരാധനയുടെ ചെറിയ ഉദാഹരണം മാത്രമാണിത്.

ആയിരക്കണക്കിന് ആരാധകരാണ് ഇന്നലെ മുഴുവൻ പ്രതികരിച്ചത്. കസ്റ്റഡിയിലെടുത്ത് വൈകിട്ട് കോടതി റിമാൻഡ് ചെയ്യുന്നതു വരെ കണ്ണൂർ നഗരത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാനായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്ന മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിനെതിരെ അവർ പരസ്യമായി രംഗത്ത് വരികയായിരുന്നു. എബിനെയും ലിബിനെയും ആർ.ടി. ഓഫീസിലേക്ക് വിളിപ്പിച്ചപ്പോൾ സംഭവം ലൈവാക്കി പൊട്ടിക്കരഞ്ഞ് അവർ പോസ്റ്റ് ചെയ്ത വീഡിയോയും നിരവധി പേരാണ് ഷെയർ ചെയ്തു. രാവിലെ ഒൻപതോടെ ആർ.ടി ഓഫിസിൽ എത്തിയപ്പോഴും എബിനും ലിബിനും വാഹനം വിട്ടുകിട്ടണമെന്നു വാദിച്ച് ഓഫിസിൽനിന്ന് ലൈവ് വിഡിയോ ചെയ്തിരുന്നു.

ഇതിനിടെ ആർ.ടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ താഴെ വീണു തകർന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.എബിൻ വർഗീസിന്റെ പേരിലാണ് വാൻ. വ്ലോഗർമാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്ന് ഉൾപ്പെടെ ഒട്ടേറെ ആരാധകർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസിനു പലവട്ടം ഇടപെടേണ്ടി വന്നു. ഉച്ചയ്ക്കു ശേഷം ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് ബസിൽ കയറ്റിയപ്പോൾ ഇരുവരും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം ഇവരെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആർ.ടി. ഓഫിസ് കോമ്പൗണ്ടിൽ സൂക്ഷിച്ച ‘നെപ്പോളിയൻ’ വാൻ വൈകിട്ടോടെ എ.ആർ ക്യാംപ് പരിസരത്തേക്കു മാറ്റി.

മോട്ടർ വാഹന വകുപ്പ് പറയുന്നത് (9 കുറ്റങ്ങൾ)

ടാക്സ് അടച്ചതിൽ കുറവ്

നിയമവിരുദ്ധമായ രീതിയിൽ ഒട്ടേറെ രൂപമാറ്റങ്ങൾ

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ നിറം മാറ്റി

തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ചു

വാനിന്റെ ഉൾവശം കാണാൻ പറ്റാത്ത വിധം സ്റ്റിക്കറുകൾ ഒട്ടിച്ചു

രജിസ്ട്രേഷൻ നമ്പർ നിയമാനുസൃതം പ്രദർശിപ്പിച്ചില്ല

, വാഹനത്തിനു പിന്നിൽ അപകടകരമായ രീതിയിൽ സൈക്കിളുകൾ ഘടിപ്പിച്ചു

തോക്കെടുത്തും പ്രതിഷേധം

പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ പ്രതിഷേധവുമായി രംഗത്ത് എത്തി. ജസ്റ്റിസ് ഫോർ ഇബുൾ ജെറ്റ് എന്ന വാട്സാപ് ഗ്രൂപ്പിൽ തോക്കുമായി എം.വി.ഡിയെ (മോട്ടോർ വാഹന വകുപ്പിനെ) ഷൂട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് കൊച്ചുകുട്ടി കളിത്തോക്കുമായി നിൽക്കുന്ന ഫോട്ടോ അടക്കം പങ്കുവച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾ വരെ ആത്മഹത്യ ഭീഷണി മുഴക്കുന്നതും തോക്കു ചൂണ്ടുന്നതും വലിയ സാമൂഹിക വിപത്തിലേക്ക് എത്തിക്കും. നിയമം എന്താണെന്നോ അതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താണന്നോ അറിയാതെയാണ് ഇവ‌രുടെ കാമ്പെയ്ൻ. തുടർ നടപടികൾ വകുപ്പ് മേധാവികൾ തീരുമാനിക്കും.

കെ.എം.നജീബ്, മീഡിയ കോഓർഡിനേറ്റർ, എം.വി.ഡി

Advertisement
Advertisement