യുക്തിഭദ്രമല്ലാത്ത ഉത്തരവുകൾ

Tuesday 10 August 2021 12:00 AM IST

കേറാൻ നിൽക്കുന്ന കുരങ്ങന് ഏണി ചാരുന്നതു പോലെയാണ് അഴിമതിക്കു വിശാലസാദ്ധ്യതയുള്ള ചില സർക്കാർ വകുപ്പുകളിലെ ഭരണപരിഷ്കാരങ്ങൾ. അവശേഷിക്കുന്ന കൃഷിനിലങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഭൂസംരക്ഷണ നിയമം കൊണ്ടുവന്നത്. നിലം നികത്തുന്നത് ക്രിമിനൽ കുറ്റമാക്കിയതോടെ കൂരവയ്ക്കാൻ ഒരുതുണ്ടു ഭൂമിക്കു വഴികാണാതെ കഷ്ടത്തിലായവർ ലക്ഷക്കണക്കിനാണ്. ജനരോദനം ഉച്ചസ്ഥായിയിലായതോടെ പരിഹാരമെന്ന നിലയ്ക്കാണ് വീടുവയ്ക്കാനായി ഏതാനും സെന്റ് നിലം നികത്താമെന്ന ഭേദഗതി വന്നത്. പുറമെ ഏറെക്കാലമായി കൃഷിയൊന്നും നടക്കാത്തതും തരിശായി കിടക്കുന്നതുമായ ഇരുപത്തഞ്ചു സെന്റ് വരെയുള്ള നികത്തു ഭൂമിയും തരംമാറ്റുന്നതിന് അനുമതി നൽകാൻ റവന്യൂ വകുപ്പിന്റെ തീരുമാനമുണ്ടായി. ഈ ഭൂമിക്ക് സർക്കാർ നിശ്ചയിക്കുന്ന ഫീസ് കെട്ടിവയ്ക്കണമെന്ന ഉപാധിയുമുണ്ട്. പൊതുവേ സ്വാഗതം ചെയ്യപ്പെട്ട ഈ തീരുമാനത്തിന് പിന്നെയും പാഠഭേദമുണ്ടായി. 2021 ഫെബ്രുവരി 25 നു മുമ്പ് അപേക്ഷിച്ചവർ ഫീസ് നൽകണമെന്നും അതിനുശേഷം അപേക്ഷിച്ചവർ ഫീസ് നൽകേണ്ടതില്ലെന്നുമാണ് തീരുമാനം. ഇത് അവസരമാക്കി അഴിമതിക്കു പുതിയ കളമൊരുക്കാനുള്ള ശ്രമങ്ങളാണ് ആർ.ഡി ഓഫീസുകളിൽ നടക്കുന്നത്. ഫെബ്രുവരി 25 നു മുമ്പ് സമർപ്പിച്ച അപേക്ഷ മാറ്റി അതിനുശേഷമുള്ള തീയതി രേഖപ്പെടുത്തി അപേക്ഷ വച്ചാൽ ഫീസൊന്നും നൽകേണ്ടതില്ലെന്നതാണ് തലതിരിഞ്ഞ ഉത്തരവിന്റെ മെച്ചം. തീരുമാനം കാത്ത് റവന്യൂഓഫീസിൽ കിടക്കുന്ന അപേക്ഷ മാറ്റി പുതിയതു തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥർ വിചാരിച്ചാൽ സാധിക്കും. സ്ഥലവിസ്‌തൃതിയനുസരിച്ച് പടി നൽകേണ്ടിവരുമെന്നു മാത്രം. സർക്കാർ ഓഫീസുകളിൽ നടക്കുന്ന വഴിവിട്ട ഒരു കാര്യവും അധികനാൾ രഹസ്യമായി വയ്ക്കാനാവില്ലല്ലോ. അതുകൊണ്ട് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ നടക്കുന്ന തിരിമറികൾ പുറം ലോകമറിയാൻ താമസമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വാരാന്ത്യത്തിൽ 27 ആർ.ഡി ഓഫീസുകളിൽ കളക്ടർമാരുടെയും ലാൻഡ് റവന്യൂ കമ്മിഷണർമാരുടെയും നേതൃത്വത്തിൽ നടന്ന കൂട്ടപ്പരിശോധന. വ്യാപകമായ പരാതികളെത്തുടർന്ന് ഫോർട്ട് കൊച്ചി ആർ.ഡി ഓഫീസ് നേരത്തെ വാർത്തയിൽ ഇടംപിടിച്ചതാണ്. അവിടെ ജോലിചെയ്തിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച മറ്റിടങ്ങളിൽ നടന്ന പരിശോധനകളിലും ഭൂമി തരംമാറ്റൽ അപേക്ഷകളുമായി ബന്ധപ്പെട്ട് പല ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണു സൂചനകൾ.

ജനങ്ങളെ സഹായിക്കാനുദ്ദേശിച്ചു നടപ്പാക്കുന്ന കാര്യങ്ങൾ അഴിമതിക്കും ക്രമക്കേടുകൾക്കും പുതിയ മേച്ചിൽപ്പുറങ്ങൾ തുറന്നിടുന്നതാകരുത്. റവന്യൂവകുപ്പിലെ തന്നെ വിവാദ ഉത്തരവുകളുടെ മറവിൽ നടന്ന അതിഭീമമായ മരംകൊള്ള ഉയർത്തിവിട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട തീരുമാനത്തിലും പ്രകടമായ പിഴവാണു കാണാനാവുക. ഒരേ ആവശ്യവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വ്യത്യസ്ത നിബന്ധന വയ്ക്കുന്നതുതന്നെ സാമാന്യനീതിക്കു വിരുദ്ധമാണ്. ഫെബ്രുവരി 25 നു മുമ്പ് നൽകിയ അപേക്ഷകർ ലക്ഷങ്ങൾ പിഴയടയ്ക്കണമെന്നും അതിനു ശേഷമുള്ളവയ്ക്ക് ഒന്നും നൽകേണ്ടതില്ലെന്നും പറയുന്നതിലെ യുക്തി എന്താണ്? ഒരുതരത്തിലും നിലമല്ലാത്ത രൂപത്തിൽ കിടക്കുന്ന എത്രയോ ഭൂമി സംസ്ഥാനത്തുണ്ട്. ഒരു തരത്തിലും കൃഷിക്കു പറ്റാത്ത നിലങ്ങൾ അത്തരത്തിൽ നിലനിൽക്കണമെന്നു വാദിക്കുന്നതും അർത്ഥശൂന്യമാണ്. അപേക്ഷകളിൽ ആവശ്യമായ പരിശോധന നടത്തി എളുപ്പം തീരുമാനമെടുക്കാനായാൽ അഴിമതിക്കും ക്രമക്കേടിനും സാദ്ധ്യത കുറയും. പരിശോധനയ്ക്ക് റവന്യൂവകുപ്പും തദ്ദേശവകുപ്പും ജനപ്രതിനിധികളുമടങ്ങുന്ന സംവിധാനം ഉണ്ടാക്കാവുന്നതാണ്. ഇവർ നേരിട്ടു നടത്തുന്ന പരിശോധനപ്രകാരം കാലതാമസമില്ലാതെ തീരുമാനമെടുക്കാവുന്ന പ്രശ്നമാണിത്. ഇപ്പോൾ ആർ.ഡി ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾ തീരുമാനം കാത്ത് ദീർഘനാൾ അവിടെ വിശ്രമിക്കുകയാണു പതിവ്. അഴിമതിയും ക്രമക്കേടും ഒപ്പം കൂടുന്നതും അതുകൊണ്ടാണ്.

Advertisement
Advertisement