മാനത്ത് പൊലിഞ്ഞ ചന്ദ്രിക

Tuesday 10 August 2021 12:00 AM IST

" പ്രേംനസീറിന്റെ നായികയായി അഭിനയിക്കണം. ഒരു സിനിമയെടുക്കണം." യാത്ര പറയും മുമ്പ് നടി റാണിചന്ദ്ര അവസാനമായി പറഞ്ഞ വാക്കുകൾ സജാദ് തങ്ങൾ ഒരിക്കലും മറക്കില്ല. ഇന്നും വിഷാദപൂർണമായ ഒരോർമ്മയാണ് റാണിചന്ദ്രയെന്ന് അദ്ദേഹം പറയുന്നു.

1976 ഒക്ടോബർ 12 ന് ബോംബെ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് മദ്രാസിലേക്ക് പറന്നുയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനം നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ച് കരിഞ്ഞമർന്നപ്പോൾ തന്റെ ജീവിതത്തിന്റെ ഒരു ഘട്ടവും അവിടെ അവസാനിച്ചുവെന്ന് സജാദ് തങ്ങൾ പറഞ്ഞു. 89 യാത്രക്കാരും ആറ് വിമാന ജീവനക്കാരും അടക്കം 95 പേർ മരിച്ച ആ അപകടം കലാകേരളത്തിന് വലിയ നഷ്ടമാണ് സൃഷ്‌ടിച്ചത്. എരിഞ്ഞടങ്ങിയ യാതക്കാരിൽ മലയാളത്തിന്റെ പ്രിയങ്കരിയായ നടി റാണിചന്ദ്രയും ഒപ്പമുണ്ടായിരുന്ന സഹോദരിമാരായ അമ്പിളിയും നിമ്മിയും സീതയും അമ്മ കാന്തിമതിയും ഉൾപ്പെട്ടിരുന്നു.

ഗൾഫിൽ നൃത്തപരിപാടികൾ അവതരിപ്പിക്കാനായി ഇവരെ കൊണ്ടുപോയത് സജാദ് തങ്ങളായിരുന്നു. ഷാർജയിലും അബുദാബിയിലുമടക്കം അഞ്ച് കലാപരിപാടികൾ. എല്ലാം വൻവിജയമായിരുന്നു. തിരികെ ബോംബെയിലെത്തി മദ്രാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മദ്രാസിലേക്ക് ഒരുമിച്ച് പോകാൻ പ്ളാൻ ചെയ്തിരുന്നെങ്കിലും ചില ആവശ്യങ്ങളാൽ സജാദ് തങ്ങൾ തന്റെ സുഹൃത്തായ സുധാകരനെ ചുമതലയേൽപ്പിക്കുകയായിരുന്നു. ആ അപകടത്തിൽ സുധാകരനും മരിച്ചു." ഞാൻ മരിച്ചുവെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. ആ ദുരന്തം എന്നെ പാടെ തകർത്തുകളഞ്ഞു. പിന്നീട് വീട്ടിലേക്ക് പോയില്ല. ഗൾഫിൽ കുറെക്കാലം കഴിഞ്ഞു. അതിനുശേഷം മുംബൈയിലെത്തി ഒരു ആശ്രമത്തിൽ ചേർന്നു." കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സജാദ് തങ്ങൾ നാലരപ്പതിറ്റാണ്ടിനുശേഷം മടങ്ങിയെത്തിയത് നാടും കുടുംബവും ആഘോഷമാക്കി. ഈ മാസമാദ്യം അത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ റാണിചന്ദ്രയുടെ ജീവിതം ഒരർത്ഥത്തിൽ ദു:ഖപൂർ‌ണമായിരുന്നു. കൊച്ചിയിലെ പ്രമുഖമായ കോഞ്ചേരിൽ കുടുംബാംഗമായിരുന്നു അച്ഛൻ ചന്ദ്രൻ,അമ്മ കാന്തിമതി തിരുവനന്തപുരത്തെ പ്രമുഖമായ വരമ്പശ്ശേരി കുടുംബത്തിലേതും. ഒരു മകനടക്കം ഏഴ് മക്കൾ. വലിയ ബിസിനസ്സുകാരനായിരുന്നു ചന്ദ്രൻ. ഇടയ്ക്ക് അച്ഛന്റെ ബിസിനസ് തകർന്നപ്പോൾ കുടുംബത്തെ കരകയറ്റുകയെന്ന ദൗത്യം റാണിചന്ദ്ര സ്വയം ഏറ്റെടുക്കുകയായിരുന്നു. ബാല്യത്തിലെ നൃത്തം പഠിച്ച അവർ മികച്ച നർത്തകിയായി ഉയരുമ്പോഴാണ് കേരളത്തിലെ, ഒരുപക്ഷേ ആദ്യത്തെ സൗന്ദര്യമത്സരങ്ങളിലൊന്ന് 1965 ൽ തൃശൂരിൽ നടന്നത്. ഒരു സിനിമയ്ക്ക് പറ്റിയ നായികയെ തിരഞ്ഞെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആ മത്സരത്തിൽ മിസ് കേരളയായി വിജയിച്ചത് ഫോർട്ട് കൊച്ചി സ്വദേശിയായ റാണിചന്ദ്രയായിരുന്നു. ചില കാരണങ്ങളാൽ ആ സിനിമ യാഥാർത്ഥ്യമായില്ലെങ്കിലും അധികം വൈകാതെ പി.എ.തോമസ് സംവിധാനം ചെയ്ത പാവപ്പെട്ടവർ എന്ന ചിത്രത്തിലൂടെ റാണി ചന്ദ്ര സിനിമയിലെത്തി. എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത അഞ്ച് സുന്ദരികളിൽ ആണ് ശ്രദ്ധേയമായ വേഷം ലഭിച്ചത്. പ്രേംനസീറും ജയഭാരതിയുമായിരുന്നു മുഖ്യവേഷങ്ങളിൽ അഭിനയിച്ചത്. പത്തുവർഷംകൊണ്ട് റാണിചന്ദ്ര സിനിമയിൽ പ്രമുഖ സ്ഥാനം നേടി. പ്രതിദ്ധ്വനി, ചെമ്പരത്തി, നെല്ല്, അംബ അംബിക അംബാലിക, അനാവരണം, കാപാലിക, സ്വപ്നം,ഉത്സവം, ഭദ്രകാളി (തമിഴ് ) തുടങ്ങി അറുപതോളം ചിത്രങ്ങൾ. അവരുടെ കരിയറിലെ തന്നെ ഏറ്റവും നല്ല പെർഫോമൻസായിരുന്നു സ്വപ്നാടനത്തിൽ. ഡോ.മോഹൻദാസായിരുന്നു അതിലെ നായകൻ. കെ.ജി.ജോർജ്ജിന്റെയും ആദ്യചിത്രമായിരുന്നു അത്. പ്രേംനസീറിന്റെ നായികയായില്ലെങ്കിലും ചെമ്പരത്തിയിൽ മധുവിന്റെ നായികയായി അഭിനയിച്ചു.

" നല്ല സ്വഭാവമായിരുന്നു. എല്ലാവരെയും സഹായിക്കാനുള്ള മനസ് റാണിക്കുണ്ടായിരുന്നു. സഹോദരങ്ങളെയെല്ലാം ചേർത്തുനിറുത്തി. അനുജത്തിമാരിൽ അമ്പിളിക്ക് എയർഹോസ്റ്റസായി ജോലി ശരിയായപ്പോഴാണ് അപകടം." റാണിചന്ദ്രയുടെ മാതൃസഹോദരി ആനന്ദവല്ലിയുടെ മക്കളായ ശോഭന വിജയകൃഷ്ണനും അശോക് ബാബുവും പറഞ്ഞു. " എന്റെ കല്യാണം 1976 മാർച്ചിലായിരുന്നു. അതിൽ പങ്കെടുക്കാൻ റാണിയും അമ്മയുമെല്ലാം വന്നിരുന്നു. അന്നാണ് അവസാനമായി കണ്ടത്. സിനിമയിൽ സജീവമായപ്പോൾ റാണിയും കുടുംബവും മദ്രാസിലേക്ക് താമസം മാറ്റിയിരുന്നു. അമ്മയും നാലുപേരും അപകടത്തിൽ പോയി. അച്ഛൻ ചന്ദ്രൻ കുറേക്കാലം കഴിഞ്ഞ് മരിച്ചു. മൂത്ത മകൾ ഐഷ അടുത്തിടെയാണ് മരിച്ചത്. ഇപ്പോൾ റാണിയുടെ ഏക സഹോദരൻ ഷാജി ചെന്നൈയിലും ഒരു സഹോദരി പോർഷ്യ കുവൈറ്റിലുമുണ്ട്. " ശോഭന പറഞ്ഞു.

" മലയാള സിനിമ ഞെട്ടിത്തരിച്ചുപോയ ദുരന്തമായിരുന്നു അത്. അമേരിക്കയിൽ കലാപരിപാടികൾ അവതരിപ്പിക്കാനായി പോകാൻ ഞങ്ങൾക്കെല്ലാം വിസ ലഭിച്ചിരുന്നു. ഞാൻ,തിക്കുറിശ്ശി മാമൻ, ജെമിനി ഗണേശൻ, കെ.പി.ഉമ്മർ, രാഘവൻ തുടങ്ങിയ സംഘത്തിൽ റാണിചന്ദ്രയുമുണ്ടായിരുന്നു. ബോംബെയിൽ നിന്ന് രാവിലെ എത്തിയാലുടൻ എയർപോർട്ടിൽ വരുമെന്നും പെട്ടിയൊക്കെ പാക്ക്ഡ് ആണെന്നും റാണി പറഞ്ഞിരുന്നു. പക്ഷേ ദുരന്ത വിവരമാണ് വന്നത്." സ്വപ്നാടനത്തിലും കാർത്തികവിളക്കിലും ഒരുമിച്ചഭിനയിച്ച കൂട്ടുകാരിയും നടിയുമായ മല്ലികാ സുകുമാരൻ പറഞ്ഞു. വിമാനാപകടത്തിൽ മരിക്കുമ്പോൾ ഇരുപത്തിയാറ് വയസായിരുന്നു റാണിചന്ദ്രയുടെ പ്രായം. സ്വപ്നങ്ങൾ ബാക്കിയാക്കിയായിരുന്നു ആ മടക്കം.

Advertisement
Advertisement