സുധാകര കവിയുടെ രചനയും കുറെ വെറുംവാദങ്ങളും

Tuesday 10 August 2021 12:00 AM IST

'വൻ മരങ്ങൾ മാത്രം ചേർന്നാൽ വനമാവില്ല , കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും ചെറുവൃക്ഷങ്ങളുമെല്ലാം ചേരുന്നതാണ് വനം' ഒരു സാംസ്കാരിക സമ്മേളനത്തിൽ മുൻമന്ത്രിയും വ്യത്യസ്തമായ കാവ്യരചനകൾ കൊണ്ട് എപ്പോഴും സാഹിത്യ നഭോമണ്ഡലത്തിൽ പുത്തൻ ചർച്ചകൾക്ക് വഴിതെളിക്കുന്ന കവിയുമായ ജി.സുധാകരൻ പറഞ്ഞ വാക്കുകളാണിത്. മറ്റൊരു കവിയുടെ പുസ്തക പ്രകാശനമായിരുന്നു വേദിയെങ്കിലും അദ്ദേഹം പറഞ്ഞ ആ വാക്കുകൾക്ക് വല്ലാത്തൊരു ആന്തരികാർത്ഥ തലമുണ്ട്. കാൽ കവികളും അരക്കവികളും മുക്കാൽ കവികളും മുഴുക്കവികളും ചേർന്നാലേ യഥാർത്ഥത്തിൽ കാവ്യലോകം സമ്പൂർണമാവുകയുള്ളൂ എന്നതാണ് സുധാകര കവി പറഞ്ഞതിന്റെ പച്ചമലയാളം. ഓരോ കവിക്കും കാവ്യലോകത്തെ കൊഴുപ്പിക്കുന്നതിൽ അവരവരുടേതായ പങ്കുണ്ടെന്ന് പറഞ്ഞു വയ്ക്കുകയായിരുന്നു അദ്ദേഹം.

മുമ്പൊക്കെ ഇവിടെ മഹാകവികളുണ്ടായിരുന്നു. പോകെപ്പോകെ മറ്റു ചിലകവികളും രചനയിലൂടെ മഹാകവികളായി സ്വയമങ്ങു രൂപാന്തരം പ്രാപിച്ചു.

തന്റെ കവിതകളുടെ ആശയസമ്പുഷ്ടിയെക്കുറിച്ച് സുധാകരന് ലേശം പോലും സംശയമില്ലെങ്കിലും മഹാകവിപ്പട്ടമൊന്നും അദ്ദേഹത്തിന് താത്പര്യമില്ല. കഥാസാഹിത്യത്തിലെ ഉന്നത സ്ഥാനീയനായ ടി.പത്മനാഭനെപ്പോലുള്ള മഹത്തുക്കളുടെ നല്ല വാക്കുകൾ മാത്രം ധാരാളമെന്ന എളിമയാണ് സുധാകരൻ എപ്പോഴും പുലർത്താറുള്ളത്. മനസിൽ തോന്നുന്നത് ആരോടായാലും വെട്ടിത്തുറന്നങ്ങു പറയുമെങ്കിലും അദ്ദേഹത്തിലെ കവി മനസ് വളരെ ലോലമാണ്. പൂച്ചയെക്കുറിച്ചും കൊഞ്ച് ഹൃദയത്തെക്കുറിച്ചും കുട്ടനാടിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമെല്ലാം അദ്ദേഹം തന്റെ കവിതകളിൽ ആലേഖനം ചെയ്യുന്നത് വായിക്കുന്നവർക്ക് ഈ നൈർമല്യം ബോദ്ധ്യമാവുകയും ചെയ്യും. എന്തിനേറെ ഒബാമ വരെ അദ്ദേഹത്തിന്റെ കാവ്യാവിഷ്കാരത്തിന് വിഷയമായി. 'ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് ' സ്ഫടികം സിനിമയിൽ ചാക്കോ മാഷ് പറയും പോലെ , ലോകത്തിന്റെ ഓരോ ചലനവും ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളിൽ അധിഷ്ഠിതമാണെന്ന വിശ്വാസക്കാരനാണ് കവിയായ നമ്മുടെ മുൻ മന്ത്രി. ഇതൊക്കെയാണ് തന്റെ കവിതകളിലൂടെ അദ്ദേഹം അനുവാചകർക്ക് അനുഭവവേദ്യമാക്കാറുള്ളതും.

പക്ഷെ പറഞ്ഞിട്ടെന്തുകാര്യം, 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം' എന്ന ചൊല്ലുപോലെയാണ് കാര്യങ്ങൾ. പലപ്പോഴും കവി ഉദ്ദേശിക്കുന്നതല്ല, ചില കുബുദ്ധികൾ വായിച്ചെടുക്കുന്നത്. ഏറെ മാനസിക സംഘർഷം പേറി, ചുറ്റും സസൂക്ഷ്മം വീക്ഷിച്ച് , വളരെ കൈയടക്കത്തോടെ ഒരു കവിത രചിച്ച് , അത് ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വരുമ്പോൾ ഇറങ്ങും ഓരോരുത്തർ വാരിക്കുന്തവുമായി. ചില വരികൾ പാർട്ടിക്കെതിരാണ്, ചിലത് ആരെയോ കുത്തിനോവിക്കാനാണ് , ചിലത് ദേഷ്യം തീർക്കാനാണ് തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉരുട്ടി തള്ളിയാണ് പലരും ആളാവുന്നത്. പക്ഷെ ഇതൊന്നും സുധാകരകവിയുടെ മനസിനെ തളർത്തില്ലെന്നത് വേറെ കാര്യം. അദ്ദേഹം തൊട്ടടുത്ത കവിതയിലൂടെയാണ് ഇത്തരം വിമർശകരുടെ വായടപ്പിക്കുന്നത്. ഇത്രയുമൊക്കെ വിശദീകരിക്കേണ്ടി വന്നത് , അദ്ദേഹത്തിന്റെ പുതിയ കവിത 'നേട്ടവും കോട്ടവും 'മാദ്ധ്യമങ്ങളിൽ സജീവചർച്ചയ്ക്ക് വിഷയമായ പശ്ചാത്തലത്തിലാണ്. ഒരു വാരികയിലാണ് 30 വരി കവിത മഷിപുരണ്ടു വന്നത്. അച്ചടി മഷിയുണങ്ങും മുമ്പെ മുണ്ടും മടക്കികുത്തി ചിലരങ്ങിറങ്ങി, കുറെ ദുരാരോപണങ്ങളുമായി.

കവിതയിൽ മുഴുവൻ രാഷ്ട്രീയമാണെന്നാണ് ചില മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചത് എന്നാൽ തൊട്ടുപിന്നാലെ 'പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല. കവിത നവാഗതർക്ക് ' എന്ന് തന്റെ ഫേസ്ബുക്കിൽ കുറിപ്പിട്ടുകൊണ്ട് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കി. തനിക്കെതിരായ പാർട്ടി അന്വേഷണത്തിന് അദ്ദേഹം കവിതയിലൂടെ മറുപടി നൽകുകയാണെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ.കവിതയുടെ നാലാം ഖണ്ഡികയാണ് തങ്ങളുടെ വാദമുഖത്തിന് ശക്തിപകരാൻ അവർ ചൂണ്ടിക്കാട്ടിയത്. 'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവീതം സാമൂഹ്യമായെന്ന് പറയും , സ്‌നേഹിതർ സത്യമതെങ്കിലും'അങ്ങനെ തുടരുന്നു വരികൾ. എന്നാൽ ഇത്തരക്കാർക്ക് മറുപടി വേണ്ടിവരും എന്ന കവിഹൃദയത്തിന്റെ ദീർഘദൃഷ്ടി , അതിനായി അവസാന ഭാഗത്ത് നാലു വരികൾ എഴുതിച്ചേർത്തിരുന്നു.

'അതിലൊരാശങ്ക വേണ്ടെന്ന് സ്‌നേഹിതർ, കഴിവതൊക്കെയും ചെയ്‌തെന്ന് സ്‌നേഹിതർ ! ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാ ഭരിതരായ നവാഗതർ അക്ഷീണ മനസുമായി നവപഥ വീഥിയിൽ' എന്ന വരികൾ വായിച്ചുനോക്കിയാൽ എവിടെയാണ് രാഷ്ട്രീയം എന്ന സുധാകരന്റെ ചോദ്യത്തിൽ ദോഷൈക ദൃക്കുകൾക്കും ചിലപ്പോൾ ഉത്തരം മുട്ടും.

ദീർഘമായ വീക്ഷണങ്ങളുള്ളതാണ് തന്റെ കവിതയെന്നും നവാഗതരെ സ്വാഗതം ചെയ്യുന്നതിൽ എന്തപരാധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചാൽ , അതിലെന്താണ് തെറ്റ്. എല്ലാ കാര്യങ്ങളെയും സംഭവങ്ങളെയും ലോകം നന്ദിപൂർവമാണോ സ്വീകരിച്ചിട്ടുള്ളതെന്ന സുധാകരന്റെ മറുചോദ്യത്തിലുമില്ലേ ഒരു തത്വചിന്ത.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ്, തന്റെ വലിയ തിരക്കുകളിൽ നിന്ന് അല്പസ്വല്പം ഒഴിഞ്ഞു നിൽക്കാൻ സാവകാശം കിട്ടിയ സന്ദർഭത്തിലാണ് അദ്ദേഹം പുതിയ കവിത എഴുതിയത്. പക്ഷെ അത് പാർട്ടിയോടുള്ള പക തീർക്കാനാണെന്ന് വിവക്ഷിച്ചാൽ അതിലെന്തു ന്യായം. പാർട്ടിയിലായാലും പുറത്തായാലും പറയാനുള്ളത് വലിയ വളച്ചൊടിക്കലില്ലാതെ പറയുന്ന പ്രകൃതക്കാരനാണ് സുധാകരൻ. തന്റെ മനസിലുള്ളത് ആരോട് പറയുന്നതിനും അദ്ദേഹത്തിന് ആരെടയും സംഘബലം വേണ്ട. പിന്നെ കവിതയിലൂടെ താൻ ഉദ്ദേശിച്ചതെന്തെന്ന് കവി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അതെ ചുറ്റിപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾക്കും വിവാദങ്ങൾക്കും വലിയ പ്രസക്തിയില്ല. കവിയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലെങ്കിലും വെറുതെ വിടാമല്ലോ.

ഇതു കൂടി കേൾക്കണേ

ജി.സുധാകരൻ എന്ന നേതാവ് ഇന്നലെകളിൽ നിരവധി സമരമുഖങ്ങളിലൂടെ നടന്ന്, ത്യാഗഭരിതമായി പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തിയത്. ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആദ്യകാല രക്തസാക്ഷികളിലൊരാൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുമാണ് . അതിന്റെയൊക്കെ പേരിൽ കിട്ടാവുന്ന അംഗീകാരങ്ങൾ മാത്രമാണ് സുധാകരന് ലഭിച്ചിട്ടുള്ളത്. എന്തെങ്കിലുമൊക്കെ ചില്ലറ കാര്യങ്ങളുടെ പേരിൽ സ്വന്തം പ്രസ്ഥാനത്തിനെതിരെ അദ്ദേഹം കവിതയുമായി ഇറങ്ങുമെന്ന് സംശയിക്കുന്നത് തന്നെ ശരിയോ?.

Advertisement
Advertisement