കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായ വിതരണം ആരംഭിച്ച് സൗദി

Tuesday 10 August 2021 1:47 AM IST

റിയാദ്: കൊവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. സ്വദേശികളുും പ്രവാസികളുമായ ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കാണ് അഞ്ച് ലക്ഷം സൗദി റിയാൽ ധന സഹായം ലഭിക്കുക.

മലയാളികളുൾപ്പെടെ ഇന്ത്യക്കാരായ നിരവധി നഴ്സ്മാരുടേയും ഡോക്ടർമാരുടേയും കുടുംബാംഗങ്ങൾക്ക് സഹായധനം ലഭിക്കും. ഏകദേശം ഒരു കോടിയോളം ഇന്ത്യൻ രൂപയാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി ലഭിക്കുക. മഹാമാരി കാലത്ത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി അക്ഷീണം പ്രവർത്തിച്ചവരാണിവരെന്നും ഇവരുടെ ത്യാഗത്തിന് അർഹമായ അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് 31ന് സൗദിയിൽ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചത് മുതൽ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവരോടുള്ള ഭരണകൂടത്തിന്റെ കരുതലിന്റെ ഭാഗമാണിതെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

Advertisement
Advertisement