വിമർശകർക്ക് ഹൻസികയുടെ മറുപടി " ഞാൻ തടിച്ചിയല്ല "
തടിച്ച് വെളുത്ത് ബബ്ലി നായികയായിരുന്ന ഹൻസിക ഇപ്പോൾ സ്ലിം ബ്യൂട്ടിയാണ്. സിനിമയിൽ എത്തിയതിന്റെ തുടക്കത്തിൽ കുശ്ബുവുമായി ഏറെ സാമ്യമുണ്ടെന്നത് ഹൻസികയെ തമിഴ് സിനിമാലോകത്തിന് പ്രിയങ്കരിയാക്കി. തന്റെ തടി കാരണം വെല്ലുവിളികൾ ഉയർത്തുന്ന കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നില്ലെന്ന് നടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഈ മേക്കോവറിന് പിന്നിൽ കഠിനമായ ഡയറ്റും ഫിറ്റ്നസുമാണെങ്കിലും ഇതുവരെയും താരം ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. തടിച്ചീ എന്ന വിളി തന്നെ പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ടെന്ന് ഹൻസിക ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നടിയുടെ മാറ്റത്തിന് മുന്നിൽ കൈയ്യടിക്കുകയാണ് ആരാധകർ.
ഹവ, കോയി മിൽ ഗയ, അബ്ര ക ഡബ്ര, ജാഗോ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ഹൻസികയുടെ സിനിമാത്തുടക്കം. ചെറിയ ഹൻസികയ്ക്ക് ബേബി ശ്യാമിലിയുടെ രൂപസാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾ ഈ കുട്ടിയെ ശ്രദ്ധിച്ചു. കൗമാരക്കാരിയുടെ നിഷ്കളങ്കതയുമായി സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ നായികയായി ഹൻസിക തെലുങ്ക് ചിത്രം ദേശമുടുരുവിലൂടെ രണ്ടാം വരവ് ഗംഭീരമാക്കി. പിന്നീട് ഹൻസിക തെലുങ്ക് സിനിമ മേഖലയിലെ മുൻനിര നായികമാരോളം ഉയർന്നു. ജൂനിയർ എൻ ടി ആർ ഉൾപ്പടെ മുൻനിര നായകന്മാർക്കൊപ്പം ഹൻസിക അഭിനയിച്ചത് നടിയുടെ താരമൂല്യം ഉയർത്തി.
ഖുശ്ബുവിന്റെ രൂപസാദൃശ്യമുള്ള ഹൻസിക തമിഴിലേക്ക് ചുവടുമാറ്റം നടത്തിയതോടെ നടിയുടെ രാശി മാറി. തമിഴിൽ അഭിനയിച്ചതോടെ ഹൻസിക കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് വിജയ്, സൂര്യ, വിശാൽ , ചിമ്പു, ശിവകാർത്തികേയൻ തുടങ്ങിയ സൂപ്പർ ഹീറോകളുടെ നായികയായി അഭിനയിച്ചു. എന്നാൽ തമിഴിൽ ഗ്ളാമറസ് റോളുകളിൽ അഭിനയിക്കുമ്പോൾ തടി വിനയായി വന്നതോടെയാണ് തന്റെ ബബ്ലി രൂപം മാറ്റണമെന്ന് നടി ആത്മാർത്ഥമായി ചിന്തിച്ചു തുടങ്ങിയത്. തനിക്കെതിരെ വരുന്ന വിമർശനങ്ങളെയെല്ലാം നടി കരുത്തായി എടുത്ത് കഠിനമായ പ്രയത്നങ്ങളിലൂടെ സ്ലിം ബ്യൂട്ടിയായി മാറുകയായിരുന്നു. താൻ ഇപ്പോൾ കൂടുതൽ സന്തോഷാവതിയാണെന്നാണ് താരം പറയുന്നത്. 45 ലക്ഷം പേരാണ്നടിയെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. തന്റെ അമ്പതാമത്തെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോൾ, മഹ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലാണ് ഹൻസിക അഭിനയിക്കുന്നത്. സ്ത്രീ പക്ഷ ചിത്രമാണ് മഹ. മലയാളത്തിൽ മോഹൻലാൽ ചിത്രം വില്ലനിലും ഹൻസിക അഭിനയിച്ചു.കൂടാതെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഹൻസിക .