കുറ്റിച്ചൽ പ്രദേശത്ത് പെരുമ്പാമ്പ്, ദിവസങ്ങൾക്കകം മൂന്നെണ്ണം പിടിയിൽ

Wednesday 11 August 2021 12:03 AM IST

കുറ്റിച്ചൽ:കുറ്റിച്ചൽ പ്രദേശത്ത് പെരുമ്പാമ്പുകൾ ഭീഷണിയാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പിടികൂടിയത് മൂന്നോളം പെരുമ്പാമ്പുകളെയും അഞ്ചിലധികം മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളെയും. ചൊവാഴ്ച ഉച്ചയോടെയാണ് കുറ്റിച്ചൽ തച്ചൻകോട് പ്രസന്നന്റെ പുരയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിന് ഒൻപത് അടിയോളം നീളമുണ്ട്. പ്രദേശത്ത് പുല്ലുപറിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടു ഭയന്ന് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് പാമ്പുപിടിത്തക്കാരനായ കാട്ടാക്കട സ്വദേശി രതീഷ് എത്തി പിടികൂടി വനം വകുപ്പിന് കൈമാറി.

തിങ്കളാഴ്ച നെയ്യാർഡാമിൽ നാലുവയസോളം പ്രായമുള്ള പെരുമ്പാമ്പ് കോഴിയെ വിഴുങ്ങിയ നിലയിൽ കാണുകയും രതീഷ് എത്തി ഇതിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതേ ദിവസം രാത്രിയോടെയാണ് കുറ്റിച്ചൽ പച്ചക്കാട് ഷാജിയുടെ പുരയിടത്തിനു സമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ വഴിയാത്രക്കാരൻ കണ്ട് വനംവകുപ്പിനെ അറിയിച്ചത്. പതിന്നാല് വയസ് തോന്നിക്കുന്ന ഇതിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ഇതോടൊപ്പം കുറ്റിച്ചൽ പ്രദേശത്തു നിന്നു നിരവധി മൂർഖൻ പാമ്പുകളെയും പിടികൂടിയിരുന്നു.

Advertisement
Advertisement