ഫയലിൽ നിന്ന് വയലിലേക്ക് പോകണം

Wednesday 11 August 2021 1:00 AM IST

കൃഷി ഓഫീസർമാർക്ക് കൃഷി ജോലിയാണ്. എന്നാൽ കർഷകന് കൃഷി ജീവിതമാണ്. ഈ മൗലികമായ വ്യത്യാസം പല വൈരുദ്ധ്യങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കും. നന്നായി പ്രവർത്തിക്കുന്ന നിരവധി കൃഷി ഓഫീസർമാരുള്ള സ്ഥലമാണ് കേരളം. എന്നാൽ അത്ര മമത പുലർത്താത്തവരുടെ എണ്ണവും കുറവല്ല. ഇത് മനസിൽ വച്ചാവണം കൃഷി ഓഫീസർമാർ കൃഷിയിടങ്ങളിൽ പോയി വിളകൾ പരിശോധിച്ച് മാർഗനിർദ്ദേശം നൽകണമെന്നും അല്ലാതെ ഫയലും നോക്കി ഓഫീസുകളിലിരുന്നാൽ മാത്രം പോരെന്നും കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞത്.

കേരളത്തിൽ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നഗരസഭകളിലുമായി മൊത്തം 1076 കൃഷിഭവനുകളാണുള്ളത്. ഒരു കൃഷിഭവനിൽ അഗ്രിക്കൾച്ചർ ബിരുദം നേടിയ ഒരു കൃഷി ഓഫീസറും രണ്ടോ മൂന്നോ കൃഷി അസിസ്റ്റന്റുകളും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. അതത് സ്ഥലങ്ങളിലെ കൃഷിക്ക് വേണ്ട മാർഗനിർദ്ദേശം നൽകേണ്ടതും സബ്‌സിഡി അനുവദിക്കേണ്ടതും നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതും നടീൽവസ്തുക്കൾ വിതരണം ചെയ്യേണ്ടതും മറ്റുമാണ് കൃഷി ഓഫീസറുടെ ചുമതല. ജോലിക്കുപരി കൃഷി ഒരു വികാരമായി കാണുന്ന കൃഷി ഓഫീസർക്ക് കാര്യമായ ജോലി ചെയ്യാനും അതിന്റെ സംതൃപ്തി കർഷകന്റെ മുഖത്തെ ചിരിയിൽ നിന്ന് അനുഭവിക്കാനും അവസരമൊരുക്കുന്ന തൊഴിലാണിത്. കൃഷിയിട സന്ദർശനം എന്നത് എല്ലായിടത്തും അത്ര എളുപ്പമുള്ള സംഗതിയല്ല.

ഭൂപ്രകൃതിയുടെ വ്യത്യാസമനുസരിച്ച് അതിന്റെ ക്ളേശം ഏറിയും കുറഞ്ഞുമിരിക്കും. വെയിലു കൊള്ളാനും കാലിൽ ചെളിപുരളാനും സന്നദ്ധത ഉണ്ടാവുകയും വേണം. കൃഷി ഒരു വാസനയായി ഒപ്പം കൂട്ടാത്ത കൃഷി ഓഫീസർമാർ സ്വാഭാവികമായും ഇതിൽ വിമുഖത കാണിക്കും. അതത് സ്ഥലങ്ങളിലെ കൃഷിയുടെ ഗുണമേന്മയെ ഇത് കാര്യമായി ബാധിക്കുകയും ചെയ്യും. കർഷകർ പൊതുവെ നാട്ടറിവുകളിൽ ഉൗന്നി നിന്നാണ് കൃഷി നടത്തുന്നത്. അതിനോടൊപ്പം കൃഷി ഓഫീസർമാരുടെ ശാസ്ത്രീയ നിർദ്ദേശം കൂടിയാവുമ്പോൾ വിളവെടുപ്പ് വർദ്ധിക്കാനും കർഷകന്റെ വരുമാനം കൂടാനും ഇടയാക്കും. ഓരോ മണ്ണിനും പറ്റിയ പ്രത്യേക വിളകൾ ഏതാണെന്ന് നിശ്ചയിക്കാൻ കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിക്കുകയും സ്ഥലത്തിന്റെ കിടപ്പ്, നീരൊഴുക്ക്, ചരിവ്, മണ്ണിന്റെ പ്രത്യേകത തുടങ്ങിയവ മനസിലാക്കിയിരിക്കുകയും വേണം. പലപ്പോഴും ഇത് ചെയ്യാതെ കർഷകനോട് മാത്രം വിവരങ്ങൾ തിരക്കി നിർദ്ദേശം നൽകിവരുന്ന ജോലിയാണ് ചിലർ ചെയ്യുന്നത്.

ഇതിന് മാറ്റം വരാൻ ഫയലിൽ നിന്ന് മടികൂടാതെ അവർ വയലിലേക്ക് പോയാലേ മതിയാവൂ. അതേസമയം അവർ ഓഫീസിൽ ചെലവഴിക്കുന്ന സമയവും വിലപ്പെട്ടതാണ്. കർഷകർ നഷ്ടപരിഹാരത്തിനും സബ്‌സിഡിക്കും നടീൽവസ്തുക്കൾക്കുമായും മറ്റും സമീപിക്കുന്നത് കൃഷി ഓഫീസിനെയാണ്. ഇതിനെല്ലാം പേപ്പർ ജോലികൾ ചെയ്യേണ്ടതും ആവശ്യമാണ്. എന്നാൽ ചിലർ ജോലി ഫയലിൽ മാത്രമാക്കുന്നതാണ് പ്രശ്നമാകുന്നത്. ഇതിലാണ് മാറ്റം വേണ്ടതെന്നാണ് മന്ത്രി ചൂണ്ടിക്കാണിച്ചതെന്ന് കരുതാം. ഇത് സദുദ്ദേശത്തിലെടുക്കാൻ കൃഷിവകുപ്പിലെ എല്ലാവരും തയ്യാറാവണം. എങ്കിലേ കൃഷി സ്‌മാർട്ടായി മാറുകയുള്ളൂ. അതേസമയം നടീൽവസ്തുക്കളും സബ്‌സിഡി പണവും നഷ്ടപരിഹാര തുകയും മറ്റും സമയത്തിന് നൽകാൻ സർക്കാർ തയ്യാറാവണം. ഇല്ലെങ്കിൽ ഇതിന്റെ പഴി കേൾക്കേണ്ടിവരുന്നതും കൃഷി ഓഫീസർമാർക്കാണ്. നല്ല കൃഷി ഓഫീസർമാർ ജോലിചെയ്യുന്ന പഞ്ചായത്തുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന കാര്യവും മറക്കുന്നില്ല.

Advertisement
Advertisement