ആഫ്രിക്കയിൽ ഭീതി പടർത്തി മാർബർഗ് വൈറസ്

Wednesday 11 August 2021 2:22 AM IST

ജനീവ : പടിഞ്ഞാറൻ ആഫ്രിക്കയെ അതിമാരകമായ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ഗിനിയയിലാണ് മാർബർഗ് വൈറസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വൈറസ് പടർന്ന് പിടിക്കുന്നവരിൽ മരണനിരക്ക് 88 ശതമാനമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാംപിൾ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗിനിയയിൽ എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസം പിന്നിടുന്നതിന് മുമ്പാണ് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വൈറസ് പ്രധാനമായും പ്രാദേശിക തലത്തിലും ദേശീയ തലത്തിലും വെല്ലുവിളിയാകുമെന്നും എന്നാൽ ആഗോള തലത്തിൽ പടർന്ന് പിടിക്കാനുള്ള സാദ്ധ്യത താരതമ്യേന കുറവാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. സിയറലിയോൺ, ലൈബീരിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള വനപ്രദേശത്താണ് മാർബർഗ് റിപ്പോർട്ട് ചെയ്തത്.ഗിനിയൻ സർക്കാറും മാർബർഗ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരുന്നത് തടയാനായി രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

വൈറസ് പകരുന്ന വഴി

വവ്വാലുകളിൽ നിന്നാണ് പ്രധാനമായും വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളോ ഖനികളോ ആണ് വൈറസിന്റെ പ്രഭവ കേന്ദ്രം രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ രോഗം പടർന്ന് പിടിക്കാം. മുമ്പ് രോഗബാധയുണ്ടായ പ്രദേശങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 24 മുതൽ 88 ശതമാനം വരെയാണ് മരണനിരക്ക്.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും. കടുത്ത പനി,​ തലവേദന,​ ശാരീരികാവശത,​ ക്ഷീണം ഇവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഈ രോഗത്തിനെതിരെ ഫലപ്രദമായ വാക്സിനുകളോ മരുന്നുകളോ കണ്ടെത്തിയിട്ടില്ല.

Advertisement
Advertisement