ഭരണ - പ്രതിപക്ഷ പോര് പാർലമെന്റിന് പുറത്തേക്ക്

Friday 13 August 2021 12:00 AM IST

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കി, സഭ പിരിഞ്ഞ ശേഷവും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക് പോര് തുടരുന്നു. ബുധനാഴ്ച ഇൻഷ്വറൻസ് ബിൽ ചർച്ചയ്ക്കിടെ രാജ്യസഭയിൽ എം.പിമാരും മാർഷൽമാരുമായി ഉന്തും തള്ളുമുണ്ടായതിൽ പരസ്പരം കുറ്റപ്പെടുത്തി ഇരുപക്ഷവും രംഗത്തെത്തി. പാർലമെന്റിൽ ജനാധിപത്യധ്വംസനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് റാലി നടത്തിയപ്പോൾ, രാജ്യസഭയിലെ സംഘർഷത്തിന്റെ വീഡിയോ കേന്ദ്രസർക്കാർ പുറത്തുവിട്ടു. എട്ട് കേന്ദ്രമന്ത്രിമാർ സംയുക്തമായി പത്രസമ്മേളനം നടത്തി പ്രതിപക്ഷം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു.

ഇന്നലെയും നാടകീയ രംഗങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്.

രാവിലെ 10ന് പാർലമെന്റ് മന്ദിരത്തിലെ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ 43-ാം മുറിയിൽ രാവിലെ രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ സഭാനേതാക്കൾ യോഗം ചേർന്നു. തുടർന്ന് വിവാദ കാർഷികബില്ലുകൾ പിൻവലിക്കണമെന്ന ബാനറുമേന്തി പാർലമെന്റിൽ നിന്ന് വിജയ്ചൗക്കിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ മാർച്ച് നടത്തി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് രാജ്യസഭയിൽ വനിതാ അംഗങ്ങളെ മാർഷൽമാർ കൈയേറ്റം ചെയ്തെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു.

പിന്നാലെ വനിതാ മാർഷൽമാരെ കോൺഗ്രസ് എം.പിമാരായ ഛായാ വർമ്മയും ഫുലോ ദേവിയും കഴുത്തിന് പിടിച്ച് തള്ളുന്ന ദൃശ്യങ്ങൾ (രാജ്യസഭാ ടിവി കാമറയിൽ പിടിച്ചത്) കേന്ദ്രസർക്കാർ പുറത്തു വിട്ടു. പ്രതിപക്ഷം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, പ്രഹ്ളാദ് ജോഷി, ധർമ്മേന്ദ്രപ്രധാൻ, ഭൂപേന്ദ്ര യാദവ്, അനുരാഗ് താക്കൂർ, വി. മുരളീധരൻ, അർജുൻ രാംമേഘ്‌വാൾ, മുക്താർ അബ്ബാസ് നഖ്‌വി എന്നിവർ വാർത്താസമ്മേളനം നടത്തി.

പ്രതിപക്ഷ ആരോപണങ്ങൾ
ബുധനാഴ്‌ച രാജ്യസഭയിൽ പാർലമെന്റ് സുരക്ഷാ വിഭാഗത്തിൽപ്പെടാത്ത, പുറത്തുനിന്നും കൊണ്ടുവന്ന ആളുകൾ ഒരു പ്രകോപനവുമില്ലാതെ വനിതാ അംഗങ്ങളെ അടക്കം കൈയേറ്റം ചെയ്തു. എം.പിമാരെക്കാൾ കൂടുതൽ മാർഷൽമാരെ സഭയ്ക്കുള്ളിൽ വിന്യസിച്ചു.

വർഷകാല സമ്മേളനത്തിൽ പെഗസസ് അടക്കമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തില്ല. സർവകക്ഷി യോഗത്തിലെ ഉറപ്പുകൾ പാലിച്ചില്ല. ബില്ലുകൾ ചർച്ചയില്ലാതെ മിനിട്ടുകൾ വച്ച് പാസാക്കി.

 പാർലമെന്റിൽ സംസാരിക്കാൻ കേന്ദ്രസർക്കാർ അവസരം നൽകാത്തതിനാലാണ് പ്രതിപക്ഷത്തിന് തെരുവിലിറങ്ങേണ്ടി വന്നത്. ഇത് ജനാധിപത്യധ്വംസനമാണ്. പാർലമെന്റിനുള്ളിൽ പുറത്തുനിന്ന് ആളെയിറക്കി എം.പിമാരെ ആക്രമിച്ചു. രാജ്യത്തിന്റെ 60ശതമാനത്തെയാണ് സഭയ്ക്കുള്ളിൽ അടിച്ചൊതുക്കി അപമാനിച്ചത്. എന്നിട്ടും ഭരണപക്ഷത്തിന് രാജ്യസഭാ അദ്ധ്യക്ഷന്റെ കണ്ണീരിനെക്കുറിച്ചാണ് വിചാരം.

-രാഹുൽഗാന്ധി, കോൺഗ്രസ് നേതാവ്

പ്രതിപക്ഷം മാപ്പുപറയണം:കേന്ദ്രം

ഒ.ബി.സി ഭരണഘടന ഭേദഗതിക്ക് ശേഷം മറ്റു ബില്ലുകൾ പാസാക്കാൻ ശ്രമിച്ചാൽ മേശപ്പുറത്ത് കയറിനിന്ന് പ്രതിഷേധിച്ചതിനെക്കാൾ കൂടുതൽ സംഘർഷമുണ്ടാക്കുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തി.

രാജ്യസഭയിൽ വനിതാ മാർഷലിനെ പ്രതിപക്ഷ എം.പിമാർ കൈയേറ്റം ചെയ്യുന്നത് വീഡിയോ ദൃശ്യത്തിൽ വ്യക്തം. മാർഷൽമാരെ പുറത്തുനിന്നു കൊണ്ടുവന്നതെന്ന ആരോപണം അടിസ്ഥാനരഹിതം. പ്രതിപക്ഷം മാപ്പുപറയണം. രാജ്യസഭാ അദ്ധ്യക്ഷൻ നടപടിയെടുക്കണം.

 ബില്ലുകൾ പെട്ടെന്ന് പാസാക്കുന്നത് ആദ്യമായല്ല. യു.പി.എ ഭരണകാലത്ത് നിരവധി ബില്ലുകൾ പെട്ടെന്ന് പാസാക്കി. ജനങ്ങൾക്കുവേണ്ടി ബില്ലുകൾ പാസാക്കൽ സർക്കാരിന്റെ ചുമതല.

Advertisement
Advertisement