പൂരം മറന്ന് പുന്നമട

Thursday 12 August 2021 10:24 PM IST
നെ​ഹ്റുട്രോ​ഫി​ ​ഫി​നി​ഷിംഗ് ​പോ​യി​ന്റ്

 ഓർമ്മത്താളത്തിൽ വള്ളംകളിക്കാർ

ആലപ്പുഴ: ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയെത്തിയിട്ടും നെഹ്റുട്രോഫിയുടെ ആവേശമില്ലാതെ പുന്നമട കായൽ. കൊവിഡിനെ തുടർന്ന് ഇത് രണ്ടാം വർഷമാണ് വള്ളംകളി മുടങ്ങുന്നത്. കൊവിഡ് അയഞ്ഞിരുന്നെങ്കിൽ ഇപ്രാവശ്യം മത്സരം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെയും വള്ളംകളി പ്രേമികൾ.

നെഹ്റുട്രോഫി ഇല്ലാത്തതിനാൽ ഇതിനോടനുബന്ധിച്ച് നടക്കേണ്ടിയിരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗും വെള്ളത്തിലായി. മത്സരം നടക്കുന്നില്ലെങ്കിലും വള്ളങ്ങളുടെ പരിപാലനത്തിന് ലക്ഷങ്ങളാണ് ക്ലബുകളുടെ പോക്കറ്റിൽ നിന്നിറങ്ങുന്നത്. പ്രളയം മുതലാണ് വള്ളംകളി നടത്തിപ്പ് അവതാളത്തിലായത്. 2019ൽ അൽപ്പം താമസിച്ചാണെങ്കിലും മത്സരം നടത്തി. എന്നാൽ തൊട്ടുപിന്നാലെ കൊവിഡ് പൂട്ടിട്ടു. കുട്ടനാട്ടുകാരും പുറം നാട്ടുകാരുമായി ആയിരക്കണക്കിന് തുഴച്ചിൽകാർക്ക് മികച്ച വരുമാനം ലഭിച്ചിരുന്ന സീസൺ കൂടിയായിരുന്നു ഓണക്കാലം.

പരിശീലനം ഒന്നരമാസം

മുൻനിര ക്ലബുകൾ ചുരുങ്ങിയത് ഒന്നരമാസത്തെ പരിശീലനത്തിന് ശേഷമാണ് മത്സരത്തിനിറങ്ങുന്നത്. തയ്യാറെടുപ്പുകൾ ജൂണിൽ ആരംഭിക്കും. പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കി വ്യായാമവും ചിട്ടയായ ഭക്ഷണരീതിയും പിന്തുടർന്നാണ് പരിശീലനം. നാട്ടുകാർ തുഴച്ചിൽകാരായി ഇറങ്ങുന്ന ക്ലബുകളും, നേവി, പട്ടാളക്കാർ, അന്യസംസ്ഥാനക്കാർ തുടങ്ങിയവരെ ഇറക്കുന്ന ക്ലബുകളുമുണ്ട്.

പരിശീലന കാലത്തെ ചെലവ്: 01 കോടി

ഒരു ക്ലബിൽ: 130 പേർ

മത്സരത്തിനിറങ്ങുന്നത്: 110

പകരക്കാർ: 20

തുഴച്ചിൽ കൂലി: 2,000 രൂപ (പ്രതിദിനം)

ഭക്ഷണം, താമസം: 40,000 രൂപ

''

ഇത്തവണ മത്സരം നടക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കുട്ടനാട്ടുകാർക്ക് വള്ളംകളി മത്സരമല്ല, ആവേശമാണ്. വരും വർഷങ്ങളിലെങ്കിലും മാനദണ്ഡങ്ങൾ പാലിച്ച് വള്ളംകളി നടത്തണം.

രാഹുൽ രമേഷ്, മെൻഡർ,

പള്ളാത്തുരുത്തി ബോട്ട് ക്ലബ്

Advertisement
Advertisement