കരുവന്നൂർ ബാങ്ക് തട്ടിപ്പ് : നടപടിയെടുത്തതിൽ ഭൂരിഭാഗവും ഇടത് യൂണിയനിലുള്ളവർ

Thursday 12 August 2021 11:34 PM IST

  • ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നതിൽ യൂണിയനിൽ മുറുമുറുപ്പ്

തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാൻ നീക്കമെന്ന് ഇടത് യൂണിയനുകൾക്ക് ആക്ഷേപം. സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിൽ 13 പേരും ഇടത് സംഘടനാ യൂണിയനിൽപെട്ടവരാണ്. പി. രാമചന്ദ്രൻ, ബിജി ഡി. കുറ്റിക്കാട്ട്, ഷേർലി എന്നിവർ മാത്രമാണ് കോൺഗ്രസ് അനുകൂല സംഘടനയിൽ ഉൾപ്പെട്ടവർ.

അതേസമയം സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ പലരും ബാങ്കിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചവരാണെന്നും നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥർ ഇത് മൂടിവെയ്ക്കുകയായിരുന്നുവെന്നുമാണ് പരാതി. എന്നിട്ടും തങ്ങൾക്കെതിരെ നടപടിയെടുത്തതിൽ കടുത്ത അമർഷം ഇവർ യൂണിയൻ നേതാക്കളെ അറിയിച്ചുകഴിഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതികൾ തട്ടിപ്പ് ഭരണ സമിതിയുടെ അറിവോടെയാണെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അവർക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്തതും പ്രതിഷേധം ഉയർത്തുന്നു. ബാങ്കിൽ അനാവശ്യ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തി, സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ ജില്ലാ നേതാവിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലും ഉയരുന്നുണ്ട്. 2016 നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് മാസക്കാലം ജില്ലയിൽ ജോലി ചെയ്ത പി. രാമചന്ദ്രനെതിരെ നടപടിയെടുത്തത് അർഹമായ പ്രമോഷൻ തടയാനാണെന്ന് കോൺഗ്രസ് അനുകൂല സംഘടന കെ.ജി.ഒ.യു ആരോപിച്ചു. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് യാതൊരു ഫയലിലും അദ്ദേഹം പരിശോധന നടത്തിയിട്ടില്ലെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ ജീവനക്കാരെ നെട്ടോട്ടം ഓടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. യൂണിറ്റ് ഇൻസ്‌പെക്ടർമാരുടെ കുറവ് മൂലം സഹകരണ സംഘങ്ങളിലെ കണക്കുമായി ബന്ധപ്പെട്ടുള്ള പരിശോധന പ്രഹസനമാകുകയാണ്.

ചെറുതും വലുതുമായ 1,158 സഹകരണ സംഘങ്ങളിലെ കണക്ക് പരിശോധിക്കാനുള്ളത് 27 യൂണിറ്റി ഇൻസ്‌പെക്ടറാണ്. ഒരിടത്തും കൃത്യമായ പരിശോധന നടത്താൻ സാധിക്കാത്ത വിധം പരിമിതമാണ് അംഗബലം. പതിവായി പരിശോധന നടത്തി അതിലുണ്ടായിട്ടുള്ള വീഴ്ചകൾ കണ്ടെത്തി അത് അസിസ്റ്റന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യുകയെന്നതാണ് യൂണിറ്റ് ഇൻസ്‌പെക്ടർമാരുടെ ചുമതല. ഇതിനിടയിലും പലപ്പോഴും തിരിമറി കണ്ടെത്തി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും തുടർനടപടി ഫയലിൽ ഒതുങ്ങും. 1981 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും ജീവനക്കാരുടെ എണ്ണം.

ഇടത് യൂണിയനിലെ 13 പേർ ഇവർ

മോഹൻമോൻ പി. ജോസഫ്

എം.ഡി. രഘു

ഗ്ലാഡി ജോൺ

ഷാലിറ്റി നാരായണൻ

പിയൂസ്

ബിനു കെ.ആർ

എം.സി. അജിത്ത്

കെ.ഒ. ഡേവിസ്

ബിന്ദു വി.ആർ

രാജി എ.ജെ

പ്രീതി വി.വി

ധനൂപ് എം.എസ്

ബിന്ദു ഫ്രാൻസിസ്

Advertisement
Advertisement