ഗജദിനത്തിൽ ഊട്ടോളി ആനത്തറവാട്ടിൽ വനപാലകരുടെ ഊട്ട്

Thursday 12 August 2021 11:42 PM IST

പുതുക്കാട്: പഴങ്ങളും ഇഷ്ട ഭക്ഷണവും ലഭിച്ചപ്പോൾ ആസ്വദിച്ച് കഴിച്ച് അനുസരണയുള്ള കുട്ടി കണക്കെ തലയാട്ടി ഭക്ഷണം നൽകിയവരോട് നന്ദി അറിയിച്ച് ഊട്ടോളി ആനത്തറവാട്ടിൽ മഹാദേവൻ. ലോക ഗജ ദിനത്തിൽ വനം വന്യജീവി വകുപ്പിന്റെ പീച്ചി വൈൽഡ് ലൈഫ് ഡിവിഷന്റെയും ചിമ്മിനി വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന നാട്ടാനകളെ ആദരിക്കുന്ന ചടങ്ങായിരുന്നു വേദി.

വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് മുഴുവൻ ആനകൾക്കും തണ്ണിമത്തനും പഴങ്ങളും വെള്ളരിയും നൽകി. ഒരു ലോറി പനംപട്ടയും പഴങ്ങളും പച്ചക്കറികളുമായിട്ടായിരുന്നു വനപാലകർ ഊട്ടോളി ആനത്തറവാട്ടിലെത്തിയത്. പ്രായത്തിൽ കുട്ടിയും വികൃതിയുമായ രാമൻ, ഗജേന്ദ്രൻ, അനന്ദൻ, ചന്തു, പ്രസാദ് എന്നിവരാണ് മഹാദേവനെ കൂടാതെയുള്ള അന്തേവാസികൾ. ആറ് പേർക്കും ഇന്നലെ കുശാലായിരുന്നു. അസി. വൈൽഡ് ലൈഫ് വാർഡൻ ജയകുമാർ, ഫോറസ്റ്റർ ബെസ്റ്റിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജയൻ, മുഹമ്മദ്, ട്രൈബൽ വാച്ചർമാരായ അജിത്ത്, ശിവൻ, ഷിജു എന്നിവരുമെത്തിയിരുന്നു.

Advertisement
Advertisement