ചട്ടം, ചട്ടം സർവത്ര അഥവാ പ്രതിപക്ഷത്തിന്റെ വേദന

Friday 13 August 2021 1:45 AM IST

'ചെലോര്ത് റെഡ്യാവും,​ ചെലോൽത് റെഡ്യാവൂല...' എന്ന് മലപ്പുറത്തെ കുഞ്ഞുഫായിസ് പറഞ്ഞതു പോലെയൊരു സങ്കടം പ്രതിപക്ഷനേതാവിന്റേതായി സഭയിലിന്നലെ മുഴങ്ങിക്കേട്ടു. ചട്ടമാണ് വില്ലൻ. 'ഇന്റേത് റെഡ്യായില്ല, ഞമ്മക്കൊരു കൊയപ്പൂല്യ' എന്ന് ഫായിസ് പറഞ്ഞതുപോലെ പറയാൻ പക്ഷേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഒരുക്കമല്ലായിരുന്നു. തന്റെ രോഷം മുഴുവൻ പറഞ്ഞുതീർത്ത് സഭയിൽ നിന്ന് അദ്ദേഹം ബഹിഷ്കരണം പ്രഖ്യാപിക്കുന്നതായിരുന്നു കഥാന്ത്യം.

മുഖ്യമന്ത്രിക്കെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്നത് അടിയന്തരപ്രമേയ നോട്ടീസായി കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പക്ഷേ, നോട്ടീസ് അനുവദിക്കാനേ സ്പീക്കർ ഒരുക്കമായില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാട്ടിയ ഉദാരമനസ് ഇന്നലെയദ്ദേഹം തീർത്തും ഉപേക്ഷിച്ചു. വിവിധ കോടതികളിൽ വിവിധ ഘട്ടങ്ങളിലായി കിടക്കുന്ന വിഷയത്തിൽ, പ്രതികളായവരുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ ചർച്ച അനുവദിക്കാനാവില്ലെന്ന് 'ചട്ട'വാൾ വീശി.

ശബരിമല വിധിയും ഏറ്റവുമൊടുവിലത്തെ കൊടകര കുഴൽപ്പണക്കേസുമടക്കം സമാനമായ നിരവധി നോട്ടീസുകൾ സഭ ചർച്ച ചെയ്തിട്ടുണ്ടെന്ന കീഴ്വഴക്കം പ്രതിപക്ഷനേതാവ് ഓർമ്മിപ്പിച്ചു. ഇവിടെ മുഖ്യമന്ത്രിക്കെതിരെ ഒരു കേസിലെ പ്രതിയുടെ നിർണായക മൊഴിയാണ് വിഷയം. 'ഞങ്ങൾ ഈ വിഷയം ഇവിടെ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെയെവിടെ ചർച്ച ചെയ്യും, സാർ' എന്നദ്ദേഹം ചോദിച്ചു. കുറ്റം ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരമാവില്ലേയെന്ന് ചോദിച്ചുനോക്കി.

ശ്രദ്ധിക്കാനേ മുഖ്യമന്ത്രി മെനക്കെട്ടില്ല. കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും തമ്മിലെ ബന്ധത്തിൽ ചട്ടങ്ങളുടെ ആധികാരികത പരമോന്നത നീതിപീഠം പലതവണ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്ന് 'ചട്ടമാൻ' ആയത് നിയമമന്ത്രി പി. രാജീവാണ്. ചട്ടത്തിന്റെ 'ച' പോലും വിട്ടുപോകുന്നത് കൊലപാതകക്കുറ്റമാകുമെന്ന മാനസികാവസ്ഥയിലായിരുന്നു മന്ത്രി. കോടതിവരാന്തയിലൂടെ പാറിപ്പോയ സംഗതി പോലും സഭയുടെ നാലതിരിനകത്ത് പറ്റുകയേയില്ലെന്നദ്ദേഹം പ്രഖ്യാപിച്ചു. വൈദ്യൻ ഇച്ഛിച്ചതെന്ന മട്ടിൽ സ്പീക്കർ അപ്പോൾത്തന്നെ നോട്ടീസിന് അനുമതി നിഷേധിച്ചതായി പ്രഖ്യാപിച്ചു!

പ്രതിപക്ഷബഹളം ഉച്ചത്തിലായിട്ടും അങ്ങോട്ട് നോക്കാതെ സ്പീക്കർ ഒ.ആർ. കേളുവിനെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനായി ക്ഷണിച്ചു. എഴുന്നേറ്റ പ്രതിപക്ഷനേതാവിനെ സ്പീക്കർ ഗൗനിച്ചില്ല.

നടുത്തളസമരം ഏതാണ്ടുപേക്ഷിച്ചിരിക്കുന്ന പ്രതിപക്ഷം, 'സ്പീക്കർക്കെന്താ പേടിയാണോ', 'കേരള മുഖ്യനെ പേടിയാണോ', 'ഡോളർമുഖ്യനെ പേടിയാണോ' എന്നിങ്ങനെ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യംവിളിയാരംഭിച്ചു. അല്പനേരത്തിന് ശേഷം ബഹിഷ്കരിച്ചിറങ്ങിപ്പോയവരെ പിന്നീട് കണ്ടത്, സഭാവളപ്പിന് പുറത്തെ റോഡിൽ സമാന്തര നിയമസഭാസമ്മേളനം ചേരുന്നതാണ്! പി.ടി.തോമസ് അവിടെ അടിയന്തര പ്രമേയമവതരിപ്പിക്കുകയും എൻ. ഷംസുദ്ദീൻ സ്പീക്കറാവുകയും പി.കെ. ബഷീർ മുഖ്യമന്ത്രിയാവുകയും ചെയ്തു!

നിയമമന്ത്രി ഓരോ ദിവസവും ഓരോ സൗകര്യത്തിനനുസരിച്ച് ചട്ടത്തെ വ്യാഖ്യാനിക്കുന്നുവെന്ന് ആക്ഷേപിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ ബഹിഷ്കരണപ്രഖ്യാപനം. കഴിഞ്ഞ ദിവസത്തെ ബില്ലവതരണ വേളയിൽ ധനകാര്യമെമ്മോറാണ്ടം ഉൾപ്പെടുത്താത്തതിന് ചട്ടം വേണ്ട, ഇപ്പോൾ ചട്ടം കൂടിയേ തീരൂ എന്നതാണത്രെ മന്ത്രിയുടെ മനോനില. 'ചെലോര്ത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല' എന്ന അവസ്ഥ. അങ്ങനെ ചട്ടത്തെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ചിട്ടൊന്നുമില്ലെന്ന് മന്ത്രി രാജീവ് തിരിച്ചടിക്കാതിരുന്നില്ല.

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മറ്റ് നടപടിക്രമങ്ങളൊക്കെ എളുപ്പത്തിൽ പൂർത്തിയായി. രണ്ട് ധനകാര്യ ബില്ലുകൾ പാസാക്കാനുണ്ടായിരുന്നു. ബില്ലിന്മേൽ വിവിധ ഭേദഗതികളവതരിപ്പിച്ച് ഭരണപക്ഷത്ത് നിന്ന് പി.വി.ശ്രീനിജൻ, ഇ.കെ. വിജയൻ, സി.കെ. ഹരീന്ദ്രൻ, പി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ധനകാര്യബില്ലായതിനാൽ കുറച്ചു മാത്രം ധനകാര്യവും ബാക്കി പ്രതിപക്ഷത്തിനുള്ള ഉപദേശവും എന്ന സമവാക്യമനുസരിച്ചായിരുന്നു ഇ.കെ. വിജയന്റെ പോക്ക്. ഉപദേശം അനന്തമായി നീണ്ടപ്പോൾ ഒരുവേള സ്പീക്കർക്കും ഇടപെടേണ്ടി വന്നു. "ധനകാര്യബില്ലാണ് വിഷയം. കഴിഞ്ഞ ദിവസം പറഞ്ഞത് ആവർത്തിക്കേണ്ട, കേൾക്കാനും അവരില്ല."

പ്രത്യക്ഷനികുതി കുറച്ച് പരോക്ഷനികുതി കൂട്ടുന്ന വലതുപക്ഷനയം മുതലാളിത്ത ശക്തികളെ സഹായിക്കുന്നതാകയാൽ അതിന് ബദൽനയങ്ങളവതരിപ്പിക്കുന്ന ഇടതുസർക്കാരിനെ പി. ബാലചന്ദ്രൻ ഏറെ പുകഴ്ത്തി. ഇടയ്ക്ക് ചില ധനസാങ്കേതികത്വങ്ങളുന്നയിച്ച് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എഴുന്നേറ്റു. "അങ്ങ് കേരളം അംഗീകരിക്കുന്ന ഇക്കണോമിസ്റ്റ്, ഞാനാണെങ്കിൽ ചങ്കൂറ്റം കൊണ്ട് രാമായണം വായിക്കുന്നുവെന്ന് പറയുമ്പോലെ..."- ബാലചന്ദ്രൻ സ്വന്തം അസ്തിത്വം മറച്ചുവച്ചില്ല.

ചട്ടപ്രകാരം അനുവദിക്കാനേ ആവാത്ത നോൺ ഇഷ്യുവിൽ പ്രതിപക്ഷം, സമ്മേളനത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ധനകാര്യബില്ലിനെ ഉപേക്ഷിച്ചതിലെ വേദന ധനമന്ത്രി പങ്കുവച്ചു. സർക്കാരിന്റെ കുഞ്ഞുകുട്ടി പരാധീനതകൾ അദ്ദേഹം ഇങ്ങനെ അവതരിപ്പിച്ചു: "സ്റ്റേറ്റ് റിച്ചാണ്, പക്ഷേ ഗവണ്മെന്റ് പുവർ ആണ്."

Advertisement
Advertisement