കിച്ചുവിന് കാട്ടിൽ പോവേണ്ട!

Monday 16 August 2021 12:00 AM IST

വൈക്കം: മൂർഖൻപാമ്പിനെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന ജനുസിൽ പെട്ടവനെങ്കിലും, സജി കൈ നീട്ടിയാൽ കിച്ചുവെന്ന കീരി ആ കൈകളിലേക്ക് ഒാടിക്കയറും. രണ്ടര മാസം മുൻപ് ഒരു പുലർകാലത്താണ് ഇടയാഴം കൊടുതുരുത്തിലെ സജിയുടെ വീട്ടുമുറ്റത്തേക്ക് തലയിലും ദേഹത്തും മുറിവേറ്റ കുഞ്ഞൻ കീരിയെ വളർത്തു നായ കടിച്ചുകൊണ്ടുവന്നത്. സജിയും ഭാര്യ ബിന്ദുവും മക്കളായ സബിനും സുബിനും ചേർന്ന് മുന്നാഴ്ചയോളം പരിചരിച്ച് കീരിയുടെ ജീവൻ രക്ഷിച്ചെടുത്തു. പൂർണ ആരോഗ്യവാനായിട്ടും വീട്ടുപരിസരത്ത് ചുറ്റിത്തിരിഞ്ഞ അവൻ വിറകുകെട്ടിനടിയിൽ താമസവുമാക്കി. അതോടെ ഈ വീട്ടിലെ ഒരംഗമായി അവൻ മാറി. കീരിയെ സജി കിച്ചുവെന്ന് പേരിട്ടു . കുടുംബാംഗങ്ങളുടെ മാത്രമല്ല, അവരുടെ സുഹൃത്തുക്കളുടെയും അടുപ്പക്കാരനാണിപ്പോൾ കിച്ചു. പാടശേഖരത്തോട് ചേർന്ന വീട്ടിൽ കീരികൾ ധാരാളമെത്തുന്നുണ്ടെങ്കിലും അവയോടൊന്നും കിച്ചുവിന് കൂട്ടില്ല.

ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ സജി യും കു‌ടുംബവും വെച്ചൂർ പൂവത്തുകരി പാടശേഖരത്തിനോടു ചേർന്ന ഇരുപത് സെന്റ് സ്ഥലത്താണ് താമസിക്കുന്നത്. ജന്മനാ വലതുകാലിനും ഇടതു കൈയ്ക്കും സ്വാധീന കുറവുള്ള സജി തടിവെട്ടുകാരനായിരുന്നു. അസുഖബാധിതനായതോടെ ഉപജീവനത്തിനായി നാടൻകോഴി, താറാവ്, മുയൽ എന്നിവയെ വളർത്തുന്നുണ്ട്.

Advertisement
Advertisement