ഹെയ്തി ഭൂചലനം : മരണം 724 ആയി

Monday 16 August 2021 1:08 AM IST

  • രാജ്യത്ത് ശക്തമായ കൊടുങ്കാറ്റിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്

പോർട്ട് ഒ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 724 ആയി.രണ്ടായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒട്ടേറെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ, പള്ളികൾ, ഹോട്ടലുകൾ ഉൾപ്പെടെ പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നതായാണ് വിവരം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതോടെ മരണനിരക്ക് ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. ഹെയ്തി തീരത്ത് സുനാമിയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നല്കിയിട്ടുണ്ട്. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി രാജ്യത്ത് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനമായ സെൻട്രൽ പോർട്ട് പ്രിൻസിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ പ്രദേശത്തിന് എട്ട് കിലോമീറ്റർ ചുറ്റളവിൽ ഏഴ് തുടർചലനങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭൂകമ്പത്തിൽ തെക്ക് പടിഞ്ഞാറൻ ഉപദ്വീപുകളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുരന്തം വിതച്ച പ്രദേശത്തെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്.

തെക്കൻ നഗരമായ ജെറമിയിലെ ആശുപത്രിയിലേക്ക് പരിക്കേറ്റ ജനങ്ങൾ ഒഴുകിയെത്തുകയാണെന്നും തങ്ങൾക്ക് അവരെ ചികിത്സിക്കാൻ ആവശ്യമായ വസ്തുക്കൾ ഇല്ലെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. പ്രദേശത്തെ പല ആശുപത്രികളിലും പുറത്ത് ടെന്റുകൾ കെട്ടിയാണ് പരിക്കേറ്റവരെ പരിചരിക്കുന്നതെന്നാണ് വിവരം. ഹെയ്തിയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും ഹെയ്തിക്ക് രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹായങ്ങളും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിനോടകം അവശ്യസാധനങ്ങളുമായി അമേരിക്കയുടെ 65 അംഗ രക്ഷാപ്രവർത്തക സംഘം ഹെയ്തിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഹെയ്തി ജനതയെ സഹായിക്കാൻ എല്ലാ രാജ്യങ്ങളും മുൻകൈയ്യെടുക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ അഭ്യർത്ഥിച്ചു.

പ്രകൃതി ദുരന്തങ്ങൾ വിടാതെ പിന്തുടരുന്ന ഹെയ്തി

തുടരെത്തുടരെയുള്ള പ്രകൃതി ദുരന്തങ്ങളിൽ വിറങ്ങലിച്ച് പോയ ഒരു ജനതയാണ് ഹെയ്തിയിലേത്. 2010ൽ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്നും പൂർണമായി മുക്തരാവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പിന്നാലെയുണ്ടായ ഓരോ ഭൂകമ്പങ്ങൾക്ക് ശേഷവും ജീവിതം കെട്ടിപ്പടുക്കുമ്പോഴാണ് വീണ്ടും ദുരന്തങ്ങൾ ഹെയ്തിയെ വിടാതെ വേട്ടയാടുന്നത്.

2010 ജനുവരി 12 ന് രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 2.20 ലക്ഷത്തിനും 3.16 ലക്ഷത്തിനും ഇടയിൽ ആളുകൾക്ക് മരണം സംഭവിച്ചിരിന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി കണക്കാക്കുന്ന ഈ ഭൂകമ്പത്തിന്റെ കെടുതികൾ മുപ്പത് ലക്ഷത്തോളം ജനങ്ങളെയാണ് ബാധിച്ചത്. .

മുപ്പതിനായിരത്തിലധികം വ്യാപാരകെട്ടിടങ്ങളും രണ്ടരലക്ഷത്തോളം ഭവനങ്ങളും ഭൂകമ്പത്തിൽ നശിച്ചു. രാഷ്ട്രപതിയുടെ കൊട്ടാരം, നാഷനൽ അസംബ്ലി കെട്ടിടം, പോർട്ടോ പ്രിൻസ് കത്തീഡ്രൽ, മുഖ്യ ജയിൽ എന്നിവയുൾപ്പടെ നിരവധി സുപ്രധാന കെട്ടിടങ്ങൾ നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞു.

ഹെയ്തിയിലെ യു.എൻ ദൗത്യസംഘം മേധാവി ഉൾപ്പെടെ പതിനഞ്ച് യു.എൻ ജീവനക്കാരും ദുരന്തത്തിൽ മരിച്ചു. ഭൂകമ്പത്തിൽ ആരോഗ്യരക്ഷാകേന്ദ്രങ്ങളെല്ലാം നശിച്ചതോടെ,അതിന് ശേഷം പടർന്ന് പിടിച്ച കൊളറയിൽ നിരവധി പേർ മരിച്ചു.

എട്ട് വർഷത്തിന് ശേഷം 2018 ഒക്ടോബർ ഏഴിന് റിക്ടർ സ്‌കെയിലിൽ 5.9 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലം റിപ്പോ‌ർട്ട് ഭൂചലനം. 18 പേരാണ് അന്ന് മരണമടഞ്ഞത്.

Advertisement
Advertisement