ഓണത്തിനു പൊ‌ടിപൊടിക്കണം പപ്പടം

Tuesday 17 August 2021 12:00 AM IST

പാലാ : പപ്പട കച്ചവടം ഇത്തവണയെങ്കിലും പൊടിപൊടിക്കുമോ. കൊവിഡ് മൂലം പപ്പടവിൽപ്പന കുറഞ്ഞത് ചെറുകിട പപ്പട നിർമ്മാണ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഓണം വിപണിയിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണിവർ.

ജില്ലയിൽ എഴുനൂറിൽ പരം ചെറുകിട പപ്പട നിർമ്മാതാക്കളുണ്ടെന്നാണ് വ്യവസായ വകുപ്പിന്റെ കണക്ക്. എന്നാൽ ഇതിന്റെ ഇരട്ടിയോളം പേർ വരുമെന്ന് പരമ്പരാഗതമായി ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നു. ഒന്നര വർഷക്കാലമായി വിവാഹ സൽക്കാരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ഹോട്ടലുകളുടെ പ്രവർത്തനം നിയന്ത്രിച്ചതും പപ്പട മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്വയം തൊഴിൽ മേഖലയിൽ പരമ്പരാഗത പപ്പടം നിർമ്മാണ തൊഴിലാളികൾ ചെറുകിട സംരംഭം എന്ന നിലയിലാണ് കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് പപ്പടം നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ചെറു പാക്കറ്റുകളിലാക്കി വ്യാപാരസ്ഥാപനങ്ങൾ എത്തിച്ചാണ് ഓണക്കാല വിപണി കണ്ടെത്തുന്നത്.

 വെയിലെവിടെ‌‌‌

അത്തം നാൾ പിന്നിട്ടിട്ടും മഴ മാറി വെയിൽ തെളിയാത്തതിനാൽ പപ്പടം ഉണക്കിയെടുക്കാൻ പറ്റാതെ വരുന്നത് ചെറുകിട മേഖലയിലെ നിർമ്മാതാക്കൾക്ക് വെല്ലുവിളിയാണ്. യന്ത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന പപ്പടത്തേക്കാൾ രുചികരമാണ് പരമ്പരാഗത ശൈലിയിൽ നിർമ്മിയ്ക്കുന്ന പപ്പടം എന്ന് ഉപഭോക്താക്കൾ പറയുന്നു.

'നൂറുകണക്കിന് കുടുംബങ്ങളാണ് മീനച്ചിൽ താലൂക്കിൽ മാത്രം പപ്പടം ഉണ്ടാക്കി ഉപജീവനമാർഗം കണ്ടെത്തുന്നത്. ഗുരുവായൂർ, ചാവക്കാട് ഭാഗങ്ങളിൽ നിന്നെത്തി കടപ്പാട്ടൂരിൽ പപ്പടം നിർമ്മാണം ആരംഭിച്ചതാണ് ഞങ്ങൾ. ഇരുപത് വർഷമായി ഈ മേഖലയിലുണ്ട്. ഓണവിപണിയിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്നത് നിരവധി കുടുംബങ്ങളാണ്.'

- ഷാജൻ, കടപ്പാട്ടൂർ

Advertisement
Advertisement