കരിന്തളംപാറയിൽ മത്സ്യസമൃദ്ധി

Tuesday 17 August 2021 12:13 AM IST
കെ.സി.സി.പി എൽ. കരിന്തളം യൂണിറ്റിൽ നടപ്പിലാക്കുന്ന പച്ച തുരുത്തിന്റെയും മത്സ്യകൃഷിയിറക്കലിന്റെയും ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിക്കുന്നു.

നീലേശ്വരം: ലാട്രൈറ്റ് ഖനനത്തിനെതിരെ രൂക്ഷമായ സമരം കൊണ്ട് ഒരുകാലത്ത് വിവാദഭൂമിയായ കരിന്തളം പാറയെ മത്സ്യസമൃദ്ധമാക്കി വൈവിദ്ധ്യവത്കരണത്തിന് പൊതുമേഖലാസ്ഥാപനമായ കേരള ക്ളേയ്സ് ആൻഡ് സിറാമിക്സ്. ഇതിന്റെ ആദ്യപടിയായി ഫിഷ് ഹാച്ചറിയുടെ ശിലാസ്ഥാപനവും പച്ചതുരുത്ത് ഒരുക്കുന്നതിന്റെയും മത്സ്യകൃഷി ഇറക്കലിന്റെയും ഉദ്ഘാടനം ഇന്നലെ നടന്നു.

തലയടുക്കത്തെ 50 ഏക്കറിലാണ് പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യപടിയായി വാള, വരാൽ എന്നീ മത്സ്യ കുഞ്ഞുങ്ങളുടെ ഹാച്ചറിയാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടം പ്രതിവർഷം 20 ലക്ഷം വാള കുഞ്ഞുങ്ങളെയും 10 ലക്ഷം വരാൽ കുഞ്ഞുങ്ങളെയും ഇവിടെ ഉത്പാദിപ്പിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും സ്വയംഭരണ സ്ഥാപനമായ ഏജൻസി ഫോർ ഡവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിന്റെയും സാങ്കേതികസഹായം പദ്ധതിക്ക് ലഭിക്കും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് അക്വാകൾച്ചറിന്റെ സഹകരണത്തോടെ പേൾകൾച്ചർ ആരംഭിക്കുന്നതിനുള്ള ചർച്ചകളും കമ്പനി നടത്തിക്കഴിഞ്ഞു. ശുദ്ധജലത്തിൽ മാത്രം ഉണ്ടാക്കുവാൻ കഴിയുന്ന മുത്ത് (പേൾ) നിർമ്മിക്കുന്നതിനാണിത്.

പദ്ധതിയുടെ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എം.എൽ.എ.നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അദ്ധ്യക്ഷത വഹിച്ചു. വി.കെ.രാജൻ, സാബു ഏബ്രഹാം അഡ്വ.കെ. രാജഗോപാലൻ, ടി.പി.ശാന്ത, വി.സി.ബാലകൃഷ്ണൻ, ഐ.വി.ശിവരാമൻ, എം. രാജൻ, കെ.സി.സി.പി.എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ, വി.സി. പത്മനാഭൻ എന്നിവർ സംസാരിച്ചു

ഒരുങ്ങും മിയാവാക്കി വനം, പാഷൻ ഫ്രൂട്ട് തോട്ടം

മിയാവാക്കി വനം ഒരുക്കി ശാസ്ത്രീയമായി പച്ചത്തുരുത്ത് നിർമ്മിക്കാനും കേരള ക്ളേയ്സ് തയാറെടുക്കുകയാണ്. കമ്പനിയുടെ 50 ഏക്കർ സ്ഥലത്തിന് ചുറ്റുമായി മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷമരങ്ങളും വെച്ചു പിടിപ്പിക്കും. പത്തേക്കറിൽ കാവേരി ഹൈബ്രിഡ് ഇനത്തിൽ പെട്ട പാഷൻ ഫ്രൂട്ട് കൃഷിയും ഒപ്പം തേനീച്ചവളർത്തൽ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

വൈവിദ്ധ്യവത്കരണത്തിലേക്ക് വൻചുവടുകൾ

കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ചിക്കൻ ഫാം തുടങ്ങുന്നതിന് ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുമായി ധാരണാപത്രം ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള പൂച്ചെടികളും ഫലവൃക്ഷച്ചെടികളും വളർത്തി വിതരണം ചെയ്യാൻ ഗാർഡൻ നഴ്സറി, കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും പാർക്ക് തുടങ്ങിയവയ്ക്കും പദ്ധതിയുണ്ട്. ജൈവവളത്തിന് പശുക്കളുടെ ഫാം ആരംഭിക്കുന്നുണ്ട്. ഒരേക്കറിൽ ഔഷധ സസ്യങ്ങളും രണ്ടേക്കറിൽ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഫലവൃക്ഷങ്ങളും കൃഷി ചെയ്യാനും പദ്ധതിയുണ്ട്. ഫുഡ് കോർട്ട്, ഗാർഡൻ നഴ്സറി, പാർക്ക്, ഫുട്ബാൾ, വോളിബാൾ ടർഫ്, വെള്ള സംഭരണി എന്നീ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

വൈവിദ്ധ്യവത്കരണ പദ്ധതി യാഥാർത്ഥ്യമാകുന്നോടെ കരിന്തളത്തെ യൂണിറ്റിൽ തൊഴിൽ സാദ്ധ്യത ഏറെ വർദ്ധിക്കും. പരിസ്ഥിതി സൗഹൃദ മേഖലയാകുന്നതോടെ ടൂറിസം മേഖലയിലും കമ്പനി ശ്രദ്ധിക്കപ്പെടും. ഭാവിയിൽ ഇവിടെ ഒരു ഗവേഷണ സ്ഥാപനമായി മാറുകയും ചെയ്യും.

ആനക്കൈൈ ബാലകൃഷ്ണൻ,മാനേജിംഗ് ഡയരക്ടർ ,കേരള ക്ളേയ്സ്

Advertisement
Advertisement