ഓയിൽ ബോണ്ടുകൾ ബാദ്ധ്യത, ഇന്ധന നികുതി കുറയ്ക്കാനാകില്ല: കേന്ദ്രം

Tuesday 17 August 2021 12:00 AM IST

ന്യൂഡൽഹി: മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ധന വില കുറയ്ക്കാനായി നൽകിയ 1.44ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകൾക്കുള്ള പലിശ നൽകുന്നത് വൻ ബാദ്ധ്യതയാണെന്നും അതിനാൽ പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള എക്‌സൈസ് തീരുവ കുറയ്ക്കാനാകില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.

യു.പി.എ സർക്കാർ ഇന്ധന വില കുറച്ചത് ഓയിൽ ബോണ്ട് എന്ന തട്ടിപ്പിലൂടെയാണ്. ആ ബാദ്ധ്യത കാരണമാണ് എൻ.ഡി.എ സർക്കാരിന് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കഴിയാത്തത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 62,000 കോടി രൂപയാണ് പലിശ ഇനത്തിൽ നൽകേണ്ടി വന്നത്. 2026നുള്ളിൽ 37,340 കോടി രൂപ കൊടുക്കണം. പലിശയ്ക്ക് പുറമെ മുതൽ ഇനത്തിൽ 1.31ലക്ഷം കോടി ബാക്കിയുണ്ട്. ഇതില്ലായിരുന്നെങ്കിൽ ഇന്ധനങ്ങൾക്ക് മേലുള്ള എക്‌സൈസ് തീരുവ കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

വർദ്ധിച്ച് വരുന്ന ഇന്ധന വില നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യു.പി.എ സർക്കാർ ഓയിൽ ബോണ്ടുകളുടെ ബാദ്ധ്യത അടിച്ചേൽപ്പിച്ചെന്ന ആരോപണം ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് അമിത് ദുബെ പറഞ്ഞു. പാവപ്പെട്ടവർക്ക് ആശ്വാസം നൽകാൻ കഴിയാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മേയ് - ജൂൺ മാസത്തിൽ മാത്രം മോദി സർക്കാർ ഇന്ധന വിലയിൽ ഏഴുരൂപയാണ് വർദ്ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement