സിദ്ദിഖ് കാപ്പൻ കേസ്: യു.പി പൊലീസിന്റെ നിലപാട് ദുരുദ്ദേശപരമെന്ന് മഥുര കോടതി

Tuesday 17 August 2021 12:39 AM IST

ന്യൂഡൽഹി: ഹാഥ്‌രസ് സന്ദർശനത്തിനിടെ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ധിഖ് കാപ്പന്റെ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന യു.പി പൊലീസിന്റെ ആവശ്യം ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടി മഥുരകോടതി തള്ളി. കേസിൽ കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉൾപ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു യു.പി പൊലീസിന്റെ ആവശ്യം.

എന്നാൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മഥുര അഡിഷണൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അനിൽകുമാർ പാണ്ഡെ ഹർജി തള്ളിയത്.

പ്രമേഹരോഗിയായ സിദ്ധിഖ് കാപ്പൻ ജയിലിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ അഡ്വ. വിത്സ് മാത്യൂസ്‌ കോടതിയുടെ ഇടപെടൽ അഭ്യർത്ഥിച്ചു. ഷുഗറിന്റെ അളവ് കൂടിയതിന് പുറമെ, നേരത്തെയുണ്ടായ വീഴ്ചയിൽ പല്ലിനു തകരാർ സംഭവിച്ചതും കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുന്നതുമൊക്കെ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ജയിൽ അധികാരികളുടെ റിപ്പോർട്ട്‌ തേടുമെന്ന് കോടതി അറിയിച്ചു.

കേസിൽ കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെയും പൊലീസ് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയിൽ പരാതിപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച് നാലു മാസം കഴിഞ്ഞിട്ടും പകർപ്പ് കൈമാറാത്തത് വ്യക്തിപരമായ അവകാശത്തിന്റെ ലംഘനമാണ്. പത്തു മാസത്തിലേറെയായി സിദ്ധിഖ് കാപ്പൻ ജയിലിൽ കഴിയുന്നു. ഈ സാഹചര്യത്തിൽ ഡിഫോൾട്ട് ബെയിൽ പരിഗണിക്കണമെന്ന്‌ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി പൊലീസിന്റെ പ്രതികരണം തേടി. കേസ് 23ന് വീണ്ടും പരിഗണിക്കും.

Advertisement
Advertisement