ഇൻസ്റ്റാഗ്രാം സൗഹൃദം മുറിഞ്ഞു: എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു, ആന്ധ്രയിൽ വ്യാപക പ്രതിഷേധം

Tuesday 17 August 2021 12:00 AM IST

അമരാവതി: ആറുമാസത്തെ ഇൻസ്റ്റാഗ്രാം സൗഹൃദത്തിൽ നിന്ന് അകലം പാലിച്ചതിൽ പ്രകോപിതനായ യുവാവ്, എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. ആന്ധ്രയിലെ ഗുണ്ടൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥിനിയായ നല്ലെ രമ്യശ്രീയാണ് (20) ദാരുണമായി കൊല്ലപ്പെട്ടത്. വിദ്യാർത്ഥിനിയെ കുത്തിയശേഷം രക്ഷപെട്ട ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ജീവനക്കാരൻ പി. ശശികൃഷ്ണയെ (22) പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് നരസാരോപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞ് നിറുത്തിയ ശശികൃഷ്ണ കഴുത്തിലും വയറ്റിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആറു തവണ രമ്യയ്ക്ക് കുത്തേറ്റതായാണ് റിപ്പോർട്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കൊല്ലപ്പെട്ട പെൺകുട്ടിയും യുവാവും ആറു മാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസിൽ പഠനം നിറുത്തിയ ശശികൃഷ്ണ ഓട്ടോമൊബൈൽ ഷോപ്പിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ യുവാവും പെൺകുട്ടിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു യുവാവിന്റെ സംശയം. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും രമ്യശ്രീ സൗഹൃദത്തിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു. ഇതാണ് ശശിയെ പ്രകോപിപ്പിച്ചത്.

സംഭവത്തിൽ ആന്ധ്രയിൽ വ്യാപക പ്രതിഷേധമുയർന്നു. വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും നടുക്കം രേഖപ്പെടുത്തി. മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

ഗുണ്ടൂരിലെ കൊലപാതകം ദൗർഭാഗ്യകരമായ സംഭവമാണ്. ഇത് രാഷ്ട്രീയ, ജാതി പ്രശ്നമാക്കി മാറ്റരുതെന്ന് അഭ്യർത്ഥിക്കുന്നു.

-ഡി.ജി.പി. ഗൗതം സവാങ്

Advertisement
Advertisement