പ്രാണനെടുത്ത് പലായനം, കാബൂളിൽ മൂന്നു പേർ വിമാനത്തിൽ നിന്ന് വീണു മരിച്ചു

Monday 16 August 2021 11:09 PM IST

വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും അഞ്ച് മരണം

കാബൂൾ:അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ ഭീതിയിലായ ജനങ്ങൾ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന, മനസിനെ മരവിപ്പിക്കുന്ന, കാഴ്ചകളാണ് പുറത്തു വരുന്നത്.

ഇന്നലെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന അമേരിക്കൻ വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നുവെന്നു കരുതുന്ന മൂന്ന് പേർ താഴെ വീണു മരിച്ചു. പറന്നുയരുന്ന വിമാനത്തിൽ നിന്ന് ഇവർ വീഴുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നതാണോ ചിറകിൽ പിടിച്ചു കിടന്നതാണോ എന്ന് വ്യക്തമായിട്ടില്ല. കാബൂളിലെ വീടുകൾക്ക് മുകളിലാണു ഇവർ വീണതെന്ന് അഫ്ഗാൻ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരൻ താരിഖ് മജീദി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിന്റെ വിഡിയോയും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

വിമാനങ്ങളിൽ കയറിപ്പറ്റാൻ ആയിരക്കണക്കിനാളുകൾ തിക്കിത്തിരക്കിതിൽ അഞ്ച് പേരും മരിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അമേരിക്കൻ സൈനികർ ആകാശത്തേക്ക് വെടിവച്ചു. ആയിരക്കണക്കിനാളുകൾ റൺവേയിൽ കയറിയതോടെ വിമാനങ്ങൾ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി. റൺവേയിൽ സാവധാനം നീങ്ങുന്ന കൂറ്റൻ അമേരിക്കൻ വിമാനത്തിനൊപ്പം നൂറുകണക്കിനാളുകൾ ഓടുന്ന ദൃശ്യം പ്രചരിക്കുന്നുണ്ട്. ചലിക്കുന്ന വിമാനത്തിന്റെ ടയറിന് മുകളിൽ കയറുന്നതും ചിറകിൽ പിടിച്ചുകയറാൻ ശ്രമിക്കുന്നതും കാണാം.

ജനങ്ങളെ സ്വതന്ത്രരായി പോകാൻ അറുപതിലേറെ രാജ്യങ്ങൾ താലിബാനോട് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

താലിബാൻ ഭരണത്തിൽ സ്‌ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന ആശങ്ക ശക്തമാണ്. രാജ്യത്തെ ബുർക്ക കടകളിലെല്ലാം സ്റ്റോക്ക് തീരാറായി.

ഇന്ത്യൻ എംബസിയിൽ 200 പേർ കൂടി

കാബൂളിലെ ഇന്ത്യൻ എംബസിയിൽ ജീവനക്കാരും അർദ്ധ സൈനികരും ഉൾപ്പെടെ ഇരുനൂറിലേറെ പേരെ കൂടി ഒഴിപ്പിക്കാനുണ്ട്. ഇന്നലെ എയർ ഇന്ത്യാ വിമാനം കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാൻ വ്യോമാതിർത്തി അടച്ചതിനാൽ ശ്രമം ഉപേക്ഷിച്ചു.

ഘനിയുടെ കോപ്റ്ററിൽ പണം

രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഘനി അമേരിക്കയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. കാബൂളിൽ നിന്ന് പണം കുത്തി നിറച്ച ഹെലികോപ്റ്ററിലാണ് ഘനി രക്ഷപ്പെട്ടതത്രേ. നാല് കാറുകളിലാണ് പണം എത്തിച്ചതെന്നും കോപ്റ്ററിൽ കൊള്ളാതെ വന്ന പണം എയർഫീൽഡിൽ ഉപേക്ഷിച്ചെന്നുമാണ് റിപ്പോർട്ട്.

സൗഹൃദത്തിന് ചൈന

താലിബാനുമായി ‘സൗഹൃദബന്ധം’ സ്ഥാപിക്കാൻ ഒരുക്കമാണെന്ന് ചൈന. അഫ്ഗാനിൽ താലിബാൻ അധിപത്യം ഉറപ്പിച്ച്, മണിക്കൂറുകൾക്കുള്ളിലാണ് ചൈനയുടെ പ്രതികരണം. സ്വന്തം വിധി നിർണയിക്കാനുള്ള അഫ്ഗാൻ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നു. അഫ്ഗാനുമായി സൗഹൃദപരമായി സഹകരിക്കാൻ തയാറാണ്. അഫ്ഗാനിൽ അധികാര കൈമാറ്റം സുഗമമായി നടക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. ഉന്നത താലിബാൻ സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാന്റെ പുനർനിർമ്മാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തു. അഫ്ഗാനുമായി 76 കിലോമീറ്റർ അതിർത്തിയാണ് ചൈന പങ്കിടുന്നത്.

യാഥാർത്ഥ്യം അംഗീകരിച്ച് ബ്രിട്ടൻ

താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും പ്രതികരിച്ചു. താലിബാനുമായി പോരാടുന്നതിന് ബ്രിട്ടനും നാറ്റോ സേനയും തിരികെ അഫ്ഗാനിലേക്ക് പോകില്ലെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.

30,000 പേർ അമേരിക്കയിലേക്ക്

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുപ്പതിനായിരം കുടിയേറ്റക്കാരെ അമേരിക്ക ഏറ്റെടുക്കും. ഇവർക്ക് പ്രത്യേക കുടിയേറ്റ വിസ അനുവദിക്കും. ടെക്സാസിലും വിസ്കോൺസിനിലുമായി പുനരധിവസിപ്പിക്കുമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.

Advertisement
Advertisement