താലിബാന് മുന്നിൽ തലകുനിയ്ക്കാത്ത സിംഹം

Friday 20 August 2021 12:00 AM IST

കാബൂൾ: താലിബാന് ഇതുവരെ കീഴടക്കാൻ സാധിക്കാത്ത ഒരു പ്രവിശ്യയാണ് കാബൂളിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള പാഞ്ച്ഷിർ. പേർഷ്യയിലെ അഞ്ച് സിംഹങ്ങൾ എന്ന് അർത്ഥമുള്ള പാഞ്ച്ഷിർ ഒരു സ്വതന്ത്ര മേഖലയായി തുടരുകയാണ്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട് ഇവിടെ. 1.73 ലക്ഷമാണ് ജനസംഖ്യ. ബസറാകാണ് തലസ്ഥാനം. ഇവിടെയാണ് മുൻ വൈസ് പ്രസിഡന്റ് അമറുല്ല സലേ താമസിക്കുന്നത്. കൊല്ലപ്പെട്ട താലിബാൻ വിരുദ്ധ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിനൊപ്പം പാഞ്ച്ഷിറിൽ സലേ ഇരിക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഹമ്മദ് മസൂദിന്റെ ആഹ്വാനത്തെ തുടർന്ന് അഫ്ഗാനിൻ സൈനികർ പാഞ്ച്ഷിറിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1970 കളിലും 1980 കളിലും സോവിയറ്റ് അധിനിവേശ സമയത്ത് പോലും പാഞ്ച്ഷിറിനെ തകർക്കാനായില്ല. താലിബാൻ വിരുദ്ധ മുന്നണിയുടെ പ്രഭവകേന്ദ്രമാണിത്. അതേസമയം, ഇപ്പോൾ പാഞ്ച്ഷിർ താലിബാന്റെ ശക്തികേന്ദ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്.

Advertisement
Advertisement