താലിബാനെ വരിഞ്ഞുമുറുക്കാൻ ആയുധ വിൽപ്പന നിരോധിച്ച് അമേരിക്ക, എന്തും നൽകാൻ തയ്യാറായി ചൈനയും റഷ്യയും

Thursday 19 August 2021 6:53 PM IST

വാഷിംഗ്‌ടൺ:അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ആയുധവിൽപ്പനയും നിരോധിച്ച് അമേരിക്ക. ആ രാജ്യത്തേക്കുള്ള തീർപ്പുകൽപ്പിക്കാത്തതോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എല്ലാ കരാറുകളും തൽക്കാലത്തേക്ക് മരവിപ്പിക്കാനാണ് ബൈഡൻ ഭരണകൂടത്തിന്റെ കർശന നിർദ്ദേശം. അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ലോക സമാധാനം, ദേശീയ സുരക്ഷ, എന്നിവ മെച്ചപ്പടുത്തുന്നതിനാണ് ഈ സുപ്രധാന തീരുമാനം എന്നാണ് അമേരിക്ക പറയുന്നത്.

അമേരിക്ക അഫ്ഗാൻ സൈന്യത്തിന് നൽകിയ അത്യന്താധുനിക ആയുധങ്ങളും ഹെലികോപ്ടർ ഉൾപ്പടെയുള്ള സൈനിക വാഹനങ്ങളും ഇപ്പോൾ താലിബാന്റെ കൈകളിലാണ്. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ, എ -29 സൂപ്പർ ടുക്കാനോ ആക്രമണ വിമാനം, എം 4 കാർബൈനുകൾ, എം 16 റൈഫിളുകൾ , മൈൻ പ്രതിരോധ വാഹനങ്ങൾ എന്നിവയെല്ലാം താലിബാന്റെ ശക്തി വൻതോതിൽ കൂടിയിട്ടുണ്ടെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. സൈനിക ഹെലികോപ്ടറുകളിലാണ് താലിബാൻ പ്രധാനികളുടെ ഇപ്പോഴത്തെ യാത്ര. 227 ദശലക്ഷം ഡോളർ വിലയുള്ള ആയുധങ്ങളാണ് 2020 വരെ അഫ്ഗാനിസ്ഥാന് അമേരിക്ക വിറ്റത്. അമേരിക്കയുടെ ആയുധ കയറ്റുമതിയിൽ 47 ശതമാനവും മിഡിൽ ഈസ്റ്റിലേക്കാണ്.

അമേരിക്ക ആയുധ വിൽപ്പന മരവിപ്പിച്ചെങ്കിലും അത് താലിബാന് ഒരുതരത്തിലുള്ള ക്ഷീണവും ഉണ്ടാക്കില്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ചൈനയുടെയും റഷ്യയുടെയും പക്കൽ നിന്ന് ആവോളം ആയുധങ്ങൾ താലിബാന് സ്വന്തമാക്കാൻ കഴിയും. അമേരിക്ക ആയുധ കയറ്റുമതിൽ മേൽക്കെ നേടിയതോടെ റഷ്യയും ചൈനയും ഈ രംഗത്ത് പിന്നാക്കം പോയി. നഷ്ടപ്പെട്ട തങ്ങളുടെ സ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാവും രണ്ടുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവുക.

Advertisement
Advertisement