മമതയ്ക്ക് തിരിച്ചടി: ബംഗാൾ തിരഞ്ഞെടുപ്പ് അക്രമം അന്വേഷിക്കാൻ സി.ബി.ഐ, ഉത്തരവ് കൊൽക്കത്ത ഹൈക്കോടതിയുടേത്

Friday 20 August 2021 12:00 AM IST

ന്യൂഡൽഹി: കഴിഞ്ഞ മേയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് പശ്ചിമബംഗാളിൽ നടന്ന അക്രമ സംഭവങ്ങൾ കൊൽക്കത്താ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ കേസുകൾ പ്രത്യേക ഐ.പി.എസ് ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘം അന്വേഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസുകളിലെ ഹൈക്കോടതി വിധി തിരിച്ചടിയായതിനെ തുടർന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് മമതാ സർക്കാരിന്റെ തീരുമാനം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പൊലീസിനെ നിയന്ത്രിച്ച തിരഞ്ഞെടുപ്പ് കമ്മിഷനാണ് അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്വമെന്ന സംസ്ഥാന സർക്കാർ വാദം കോടതി തള്ളി.

തിരഞ്ഞെടുപ്പ് സമയത്തും ഭരണഘടനാ കടമകൾ നിറവേറ്റാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. സുതാര്യവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് പൊലീസിന് മേൽ നിയന്ത്രണമുണ്ടെങ്കിലും അത് ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനുള്ള മറയല്ലെന്ന് ആക്ടിംഗ്ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസുമാരായ ഐ.പി. മുഖർജി, ഹരീഷ് ടാണ്ഠൻ, സൗമെൻ സെൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ അക്രമങ്ങളും മറ്റ് സംഭവങ്ങളും ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചാണ് വിധി.

തിരഞ്ഞെടുപ്പ് അക്രമങ്ങൾ അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സി.ബി.ഐ അന്വേഷണം. ആറാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിന്റെ തത്‌സ്ഥിതി ഹൈക്കോടതിയെ അറിയിക്കണം.

കേസ് രേഖകൾ സി.ബി.ഐയ്ക്ക് കൈമാറാനും അക്രമങ്ങൾക്കിരയായവർക്കുള്ള നഷ്‌ടപരിഹാര വിതരണം വേഗത്തിലാക്കാനും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ പശ്ചിമബംഗാൾ ഐ.പി.എസ് കേഡർ ഉദ്യോഗസ്ഥരായ സുമൻ ബാല സാഹു, സൗമൻ മിത്ര, രൺബീർ കുമാർ എന്നിവർ അന്വേഷിക്കും. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

സർക്കാരിനെ തള്ളി കോടതി

തിരഞ്ഞെടുപ്പ് അക്രമങ്ങൾ അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പക്ഷപാതപരമാണെന്ന സംസ്ഥാന സർക്കാർ ആരോപണം കോടതി തള്ളി. കമ്മിറ്റിയുടെ റിപ്പോർട്ടിനൊപ്പം മറ്റു വസ്തുതകളും വാദങ്ങളും പരിഗണിച്ചെന്ന് കോടതി വ്യക്തമാക്കി. അതേസമയം ചില തൃണമൂൽ നേതാക്കൾക്കും പൊലീസ് ഒാഫീസർമാർക്കുമെതിരെ നടപടിയെടുക്കാൻ കമ്മിറ്റി ശുപാർശ ചെയ്തെങ്കിലും കോടതി പരിഗണിച്ചില്ല. ഹൈക്കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാണ് കമ്മിറ്റി രൂപീകരിച്ചത്.

Advertisement
Advertisement