'നിശ‌ബ്‌ദതയുടെ അലകൾ' ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

Friday 20 August 2021 2:12 AM IST

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ ചിത്രരചനകളുടെ സോളോ പ്രദർശനമായ 'നിശബ്‌ദതയുടെ അലകൾ" സൂര്യകാന്തി ആർട്ട് ഗാലറിയിൽ ശ്രദ്ധയാകർഷിക്കുന്നു. കൊവിഡ് മൂലം ദീർഘകാലം അടച്ചിട്ട ഗാലറി പ്രോട്ടോക്കോളുകൾക്ക് വിധേയമായി തുറന്നു പ്രവർത്തിക്കാൻ തുടങ്ങുന്നത് ലിസി ജേക്കബിന്റെ തനതായ ഈ പ്രദർശനത്തോടെയാണ്. മുപ്പത്തിമൂന്ന് എണ്ണച്ചായാ ചിത്രങ്ങളാണ് പ്രദർശനത്തിൽ. ഇതിൽ മിക്കവയും കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ഏകാന്തതയിൽ രചിക്കപ്പെട്ടവയാണ്. ബാല്യം മുതൽ ചിത്രരചനയിൽ തത്പരയായ ലിസി ജേക്കബിന്റെ സൃഷ്‌ടികൾ രാജ്യത്തിനകത്തും പുറത്തുമുളള ഗാലറികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉദ്യോഗത്തോടൊപ്പം സമാന്തരമായി കലാരചന നടത്തുന്ന ലിസി ജേക്കബ് അതിനപ്പുറം കലാപ്രവർത്തകർക്ക് പ്രചോദനമായി സൂര്യകാന്തി ഗാലറി സ്ഥാപിച്ച് നടത്തുകയും ചെയ്യുകയാണ്. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റിയിൽ കലാപഠനം നടത്തിയിട്ടുളള ലിസി ജേക്കബ് കേരള ലളിതകലാ അക്കാഡമിയിൽ അഞ്ചുവർഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. അടൂർ ഗോപാലകൃഷ്‌ണനാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്‌തത്. പ്രദർശനം 30ന് അവസാനിക്കും.

Advertisement
Advertisement