ഫുട് ഓവർ ബ്രിഡ്ജ് വരാൻ ഇനിയും കാത്തിരിക്കണം

Saturday 21 August 2021 2:55 AM IST

ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേസ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തകൃതിയായി നടക്കുമ്പോഴും ഫുട് ഓവർ ബ്രിഡ്ജ് എന്ന യാത്രക്കാരുടെ പ്രധാന ആവശ്യം നടപ്പിലാക്കുന്നില്ലെന്ന് പരാതി.

സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാറ്റ്ഫോമിന്റെ നീളവും പൊക്കവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒന്നാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്തശേഷം രണ്ടാം പ്ലാറ്റ്ഫോമിലെത്താൻ അരക്കിലോമീറ്ററിലേറെ ചുറ്റേണ്ട അവസ്ഥയാണിപ്പോൾ യാത്രക്കാർക്ക്. ഇക്കാരണത്താൽ തന്നെ ട്രെയിൻ വരുന്ന സമയത്ത് എത്തുന്ന യാത്രക്കാർക്ക് പലപ്പോഴും ട്രെയിനിൽ കയറാൻ പറ്റാറില്ല. അല്ലെങ്കിൽ പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി പാളങ്ങൾ മുറിച്ചു കടക്കണം.

മുൻകാലങ്ങളിൽ പ്ലാറ്റ്‌ഫോമിന്റെ പൊക്കക്കുറവ് കാരണം പാളങ്ങൾ മുറിച്ചുകടക്കുന്നത് എളുപ്പമായിരുന്നു. നിലവിലെ അവസ്ഥയിൽ യാത്രക്കാരെ സംബന്ധിച്ചിടത്തോളം അത് ദുഷ്കരമാണ്. മാത്രവുമല്ല സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം കൈപിടിച്ചിറക്കാനും എതിർവശത്ത് പിടിച്ചു കയറ്റാനുമൊക്കെ പരസഹായം വേണം. ഇരുവശങ്ങളിലും വളവുള്ള ഇവിടെ ഒച്ചയില്ലാതെ ട്രെയിൻ കൂടി എത്തുമ്പോൾ പാളം മുറിച്ചു കടക്കുന്നത് അപകട സാദ്ധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുകയാണ്.

പെരുങ്ങുഴി റെയിൽവേഗേറ്റിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്തിനാൽ നാലും അഞ്ചും ട്രെയിനുകൾക്കുവരെ ഇവിടെ വാഹനയാത്രക്കാർക്ക് കാത്ത് കിടക്കേണ്ടതായിവരുന്നുണ്ട്. ഈ വിഷയത്തിനും അറുതിവേണമെന്ന ആവശ്യവും അധികൃതരുടെ ഫയലുകളിൽ ഒളിച്ചിട്ട് നാളുകളേറെയായി.

സ്ഥിരം യാത്രക്കാർ

സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ടെക്നോപാർക്ക് - സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം നിരവധി പേരാണ് ഈ സ്റ്റേഷനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്.

പണി നടക്കുന്നത്

നിലവിൽ പ്ലാറ്റ് ഫോം പണികൾ, വേലി, നവീന വെയിറ്റിംഗ് ഷെഡ്, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ ജോലികളാണ് നടക്കുന്നത്.

സ്റ്റോപ്പുള്ളത്

പാസഞ്ചറും മെമുവുമടക്കം ഏഴ് ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. സ്റ്റേഷനിൽ ദീർഘ ദൂര ട്രയിനായ മലബാർ എക്സ്പ്രസിന് സ്റ്റോപ്പ് വേണമെന്ന ആവശ്യവും നിലനിൽക്കുകയാണ്.

വെളിച്ചം കാണാതം

പ്ലാറ്റ് ഫോമിനും റെയിൽവേഗേറ്റിനും ഇടയ്ക്കുള്ളഭാഗത്ത് നടപ്പാതയും സ്ട്രീറ്റ് ലൈറ്റും വേണമെന്നാവശ്യവും ഇതുവരെ വെളിച്ചം കണ്ടില്ല.

Advertisement
Advertisement