ഓണറിലീസ് ഒന്നുമില്ല

Friday 20 August 2021 12:00 AM IST

 പൂവിളി മുഴങ്ങാതെ തിയേറ്ററുകൾ

ആലപ്പുഴ: പുത്തൻ സിനിമാ റിലീസുകളില്ലാതെ മറ്റൊരു ഓണക്കാലം കൂടി വരവേൽക്കുകയാണ് മലയാളി. ഒ.ടി.ടി പ്ളാറ്റ്ഫോമുകൾ വീട്ടകങ്ങളിലേയ്ക്ക് സിനിമയുടെ റിലീസ് പൂക്കളമിടുന്ന കൊവിഡ് കാലത്തെ ഓണത്തിലേക്ക് ഒതുങ്ങുകയാണ് പ്രേക്ഷകർ.

കൊവിഡിന് മുമ്പ് തിയേറ്ററുകളിലെ വലിയ സ്ക്രീനിൽ ഓണച്ചിത്രങ്ങളുടെ പൂവിളി മുഴങ്ങുന്നതായിരുന്നു പതിവ്. തുടർച്ചയായി രണ്ടാം വർഷമാണ് ഓണക്കാലത്ത് തിയേറ്ററുകൾ റിലീസില്ലാതെ ഇരുട്ടിലാകുന്നത്. എൺപതുകൾ മുതൽ ഓണാവധിക്കാലത്ത് തിയേറ്ററുകൾ ഹൗസ് ഫുള്ളായി ഓടുന്ന കാലമായിരുന്നു. ഓണക്കോടിയുടുത്ത് കുടുംബസമേതം തിയേറ്ററുകളിലേക്ക് മലയാളികൾ നിറഞ്ഞെത്തിയിരുന്നു.

ഇടക്കാലത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം വർദ്ധിച്ചതോടെയാണ് വീണ്ടും പൂട്ടുവീണത്. 2020 മാർച്ചിലാണ് തിയേറ്ററുകൾ ആദ്യമായി അടച്ചത്. വ്യാപനത്തിൽ അൽപ്പം കുറവ് വന്നതോടെ ജനുവരിയിൽ ഒന്നിടവിട്ട സീറ്റുകളിൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ഏപ്രിലോടെ വീണ്ടും അടച്ചു. നാലുമാസമായി തുടർച്ചയായി അടഞ്ഞുകിടക്കുകയാണ്. 2018 മുതൽ ഓണക്കാലം തീയറ്ററുകൾക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ആദ്യം പ്രളയം. തൊട്ടുപിന്നാലെ കൊവിഡ്.

നഷ്ടക്കണക്ക് പെരുകുന്നു

പ്രൊജക്ടറും എ.സിയും കേടാവാതിരിക്കാൻ വിരലിലെണ്ണാവുന്ന ജീവനക്കാരെ വരുമാനമില്ലെങ്കിലും ശമ്പളം നൽകി നിലനിറുത്തുകയാണ് ഉടമകൾ. സിനിമകളില്ലെങ്കിലും വൈദ്യുതി നിരക്ക് ഒരു മാസം ഒരു ലക്ഷം രൂപ വരെ വരുന്നുണ്ട്. പ്രതിമാസം നഷ്ടക്കണക്ക് വർദ്ധിക്കുകയാണ്.

1951: മലയാള സിനിമയിൽ ഓണറിലീസ് തുടങ്ങി

1957: പുതിയ സിനിമ ഇല്ലാത്തതിനാൽ ഓണം റിലീസ് മുടങ്ങി

2020: ഇതിനു ശേഷം ആദ്യമായി തിയേറ്റർ അടയുന്നത് കഴിഞ്ഞ ഓണത്തിന്

2021: പൂട്ട് തുറക്കാതെ ഇത്തവണയും

''

തിയേറ്ററിലിരുന്ന് സിനിമ കാണുന്ന സുഖം മറ്റൊരു പ്ലാറ്റ്ഫോമിലും ലഭിക്കില്ല. നിബന്ധനകളോടെയെങ്കിലും തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിൽ സിനിമകൾ റിലീസിന് എത്തുമായിരുന്നു.

തിയേറ്റർ ഉടമകൾ

Advertisement
Advertisement