ഈണം മറന്ന് തിരുവാതിര

Friday 20 August 2021 12:00 AM IST

 കൊവിഡിൽ വേദികൾ നഷ്ടമായി

ആലപ്പുഴ: കൂട്ടം കൂടാൻ അനുമതിയില്ലാതായതോടെ ഈ ഓണക്കാലത്തും ഓർമ്മകളിൽ ഒതുങ്ങി തിരുവാതിരകളി. പ്രളയവും തൊട്ടുപിന്നാലെ കൊവിഡും വന്നതോടെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുവാതിരയ്ക്ക് വേദികൾ നഷ്ടമായത്.

ധനുവിലെ തിരുവാതിര നാളിലാണ് വ്രതാനുഷ്ഠാനത്തോടെ സ്ത്രീകൾ തിരുവാതിര കളിക്കുന്നത്. എന്നാൽ ഇവ ഏറ്റവും ജനകീയമാകുന്ന കാലം ഓണനാളുകളാണ്. അത്തം പിറക്കുന്നതോടെ വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഇനമാണ് തിരുവാതിര. സാധാരണ നൃത്ത രൂപങ്ങളുമായി താതമ്യപ്പെടുത്തുമ്പോൾ, തുടക്കക്കാർക്ക് പോലും ഭംഗിയായി അവതരിപ്പിക്കാൻ കഴിയുമെന്നതാണ് തിരുവാതിരയുടെ പ്രത്യേകത.
വ‌ർഷങ്ങളായി യുവജനോത്സവ വേദികളിലെ മത്സരയിനം കൂടിയാണ് തിരുവാതിര. മലയാളി മറന്നു തുടങ്ങിയ തിരുവാതിര ചിട്ടവട്ടങ്ങൾ പാലിക്കപ്പെടുന്നതും മത്സരവേദികളിലാണ്. തെറ്റുടുത്ത്, ദശപുഷ്പം ചൂടി ഗണപതിസ്തുതിയിൽ ആരംഭിച്ച് മംഗളത്തിൽ കലാശിക്കുന്നതാണ് തിരുവാതിരയുടെ ശൈലി. കാലം മാറിയതോടെ സിനിമാഗാനങ്ങൾക്ക് പുത്തൻ ചുവടുകൾ നൽകി തിരുവാതിര അവതരിപ്പിക്കുന്ന ശൈലിയും കണ്ടുതുടങ്ങിയിരുന്നു. അൻപത് വയസ് പിന്നിട്ട ധാരാളം സ്ത്രീകളാണ് ജില്ലയിൽ തിരുവാതിര ട്രൂപ്പുകളിൽ അംഗങ്ങളായുള്ളത്.

ചിട്ടകൾ
1. ഒരു സംഘത്തിൽ രണ്ട് പാട്ടുകാരും ചുവടുവയ്ക്കാൻ ചുരുങ്ങിയത് പത്തുപേരും
2. തെറ്റുടുത്ത് ദശപുഷ്പം ചൂടിയാണ് ചുവട് വയ്ക്കുന്നത്
3. ഗണപതി സ്തുതി, സരസ്വതി സ്തുതി, കുമ്മിയടി, വഞ്ചിപ്പാട്ട്, കുറത്തിപ്പാട്ട്, മംഗളം എന്നിവ വേണം
4. ഓണക്കാലത്തെ തിരുവാതിരയ്ക്കൊപ്പം തുമ്പിതുള്ളലുമുണ്ടാവും


ദശപുഷ്പങ്ങൾ
തിരുവാതിര കളിക്കുന്നവർ ദശപുഷ്പമെന്ന പേരിൽ തുളസിക്കതിർ മുടിയിൽ ചൂടാറുണ്ട്. എന്നാൽ തുളസി ദശപുഷ്പത്തിൽ ഉൾപ്പെടില്ല. വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽചെവിയൻ, തിരുതാളി, ചെറുള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തൽ, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ.

''

ഓണക്കാലത്ത് വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷങ്ങളായി ഒരു വേദി പോലും ലഭിക്കുന്നില്ല.

ജെ.മല്ലിക

തിരുവാതിര അദ്ധ്യാപിക

Advertisement
Advertisement